കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കുടുങ്ങി കെ-സ്വിഫ്റ്റ് ബസ്. കോഴിക്കോട് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടിയിലാണ് ബസ് കുടുങ്ങിയത്. ബെംഗളൂരുവില്‍ നിന്ന് മടങ്ങിയെത്തിയ ബസായിരുന്നു ഇത്.
രണ്ട് തൂണുകള്‍ക്കിടയില്‍ കുടുങ്ങി മുന്നോട്ട് നീക്കാനാവാത്ത അവസ്ഥയിലാണ് ബസ്.
ബസ് പുറത്തേക്ക് നീക്കാനുള്ള ശ്രമം തുടരുകയാണ്. തൂണുകള്‍ക്കിടയില്‍ ബസ് നിര്‍ത്തി ആളുകളെ ഇറക്കിയ ശേഷം ഡ്രൈവര്‍ മറ്റൊരു വണ്ടിയില്‍ പോവുകയായിരുന്നു. പിന്നീട് മറ്റ് ജീവനക്കാരാണ് ബസ് തൂണുകള്‍ക്കിടയില്‍ കുടങ്ങിപ്പോയെന്ന് മനസ്സിലായത്.
ഗ്ലാസ് പൊട്ടിക്കുകയോ തൂണ് മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകില്ല എന്ന സ്ഥിതിയിലാണ് ബസ് ഉള്ളത്. തൂണുകള്‍ക്കിടയില്‍ നിന്നും നിരവധി തവണ ബസ് തിരിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ടെര്‍മിനലിന്റെ നിര്‍മാണത്തിലുള്ള അപാകത കൂടിയാണ് സംഭവം ചൂണ്ടിക്കാട്ടുന്നതെന്ന് യാത്രക്കാര്‍ അഭിപ്രായപ്പെട്ടു. സ്റ്റാന്‍ഡിലെ തൂണുകള്‍ക്ക് മതിയായ അകലമില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. പരിചയമില്ലാത്ത ഡ്രൈവര്‍മാരെയാണ് കെ സ്വിഫ്റ്റ് ഓടിക്കാന്‍ നിയോഗിച്ചതെന്ന് കെഎസ്ആര്‍ടിഇഎ വര്‍ക്കിങ്ങ് പ്രസിഡന്റ് സി കെ ഹരികൃഷ്ണന് ആരോപിച്ചു.

