കോവിഡ് 19 രോഗത്തിന് ആറ് പുതിയ ലക്ഷണങ്ങളെക്കൂടി കൂട്ടിച്ചേര്‍ത്ത് അമേരിക്കയിലെ പൊതുജനാരോഗ്യ സംഘടനയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍. നിലവിലെ കോവിഡ് രോഗികളില്‍ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ലക്ഷണങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ശരീരത്തില്‍ തണുപ്പ് അനുഭവപ്പെടുക, തണുപ്പിനൊപ്പമുള്ള വിറയല്‍, പേശീവേദന, തലവേദന, തൊണ്ടവേദന, രുചിയും മണവും നഷ്ടമാവല്‍ എന്നിവയാണ് പുതിയ ലക്ഷണങ്ങള്‍ എന്ന് സി.ഡി.സി.പി പറയുന്നു. പനി, കഫക്കെട്ട്, ശ്വസനപ്രശ്‌നങ്ങള്‍ എന്നിവയായിരുന്നു നേരത്തെ കോവിഡ് ലക്ഷണങ്ങളായി പൊതുവില്‍ അംഗീകരിച്ചിരുന്നത്. മൂക്കൊലിപ്പ് ചില കോവിഡ് രോഗികളില്‍ ലക്ഷണമായി കാണാറുണ്ടെങ്കിലും തുമ്മല്‍ ലക്ഷണമായി കണക്കാക്കാനാവില്ലെന്നും സി.ഡി.സി.പി പറയുന്നു.
വരണ്ട ചുമ, പനി എന്നിവ ഉണ്ടായാല്‍ മെഡിക്കല്‍ സഹായം തേടണം എന്നായിരുന്നു ലോകാരോഗ്യസംഘടനയും സിഡിസിപിയും ആദ്യഘട്ടത്തില്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് രുചിയും ഗന്ധവും നഷ്ടപ്പെടല്‍, ദഹനപ്രശ്‌നങ്ങള്‍, വയറിളക്കം എന്നിവയും പ്രത്യക്ഷപ്പെട്ടിരുന്നു. കോവിഡ് രോഗികളായ കുട്ടികളിലും വയോധികരിലും കാലിലും വിരലുകളിലും നീലനിറം പ്രത്യക്ഷപ്പെടുന്നതും സാധാരണമായിട്ടുണ്ടെന്ന് സിഡിസിപി വ്യക്തമാക്കുന്നു.