ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ വിജ്ഞാപനം കീറിയെറിഞ്ഞ എംപിമാരായ ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നിവർക്കെതിരെ നടപടിക്ക് സാധ്യത. ലോക്സഭാ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച വിജ്ഞാപനമാണ് ഇരുവരും ലോക്സഭയിൽവെച്ചു കീറിയെറിഞ്ഞു പ്രതിഷേധിച്ചത്. ഇരുവരെയും ലോക്സഭയിൽനിന്നു സ്പീക്കർ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന. പ്രതിഷേധം അതിരുകടന്നുവെന്നു വിലയിരുത്തിയാണ് സ്പീക്കർ നടപടിക്ക് ഒരുങ്ങുന്നത്.
മോദി പരാമർശത്തെ തുടർന്നെടുത്ത കേസിൽ സൂറത്ത് കോടതി രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. ഭരണഘടനയുടെ 101 (1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിൻ്റെ എട്ടാം വകുപ്പു പ്രകാരവുമായിരുന്നു ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ നടപടി. രാഹുലിനെതിരായ നടപടിക്കെതിരെ കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. രാഹുലിനെ അയോഗ്യനാക്കിയ നടപടിയും അദാനി വിഷയവും ഉയർത്തി പ്രതിപക്ഷം ഇന്ന് പാർലമെൻ്റിനു അകത്തും പുറത്തും പ്രതിഷേധിച്ചു.
പ്രതിപക്ഷ ബഹളത്തെ തുടർന്നു രാജ്യസഭ രണ്ടു മണി വരെയും ലോക്സഭ നാലു മണി വരെയും സ്പീക്കർ പിരിച്ചുവിട്ടു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ പാർട്ടി എംപിമാർ പാർലമെന്റിൽ എത്തിയത്. പാർലമെൻ്റിൽനിന്നു പുറത്തിറങ്ങിയ എംപിമാർ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. കറുപ്പ് ധരിച്ചെത്തിയ തൃണമൂൽ കോൺഗ്രസ് എംപിമാരും കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായത് അപ്രതീക്ഷിത നീക്കമായി.

