ബെംഗളൂരു∙ കർണാടകയിലെ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭവത്തിൽ ഐപിഎസ് ഓഫിസർ ഡി.രൂപയ്ക്കെതിരെ അപകീർത്തി കേസ് റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്.രോഹിണിയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു അഡീഷനൽ ചീഫ് മെട്രോപൊലീത്തൻ മജിസ്ട്രേട്ട് കോടതിയുടെതാണ് ഉത്തരവ്.
രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ കഴിഞ്ഞ മാസം ഫെയ്സ്ബുക്കിലൂടെയാണ് രൂപ പുറത്തു വിട്ടത്.പുരുഷ ഐഎഎസ് ഓഫിസർമാർക്കു രോഹിണി അയച്ച ചിത്രങ്ങളാണെന്നായിരുന്നു രൂപയുടെ അവകാശവാദം. തന്റെ വാട്സാപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാൻ രൂപ പോസ്റ്റ് ചെയ്തതെന്നും രോഹിണി പറഞ്ഞു.
മൈസൂരു കെആർ നഗറിൽ നിന്നുള്ള ദൾ എംഎൽഎയും മുൻ മന്ത്രിയുമായ സ.ര മഹേഷിന്റെ സ.ര കൺവൻഷൻ ഹാൾ മഴവെള്ളക്കനാൽ കയ്യേറി നിർമിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ൽ രോഹിണി റിപ്പോർട്ട് നൽകിയിരുന്നു.ഇതിനെതിരെ മഹേഷ് നൽകിയ ഒരു കോടി രൂപയുടെ അപകീർത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീർക്കാൻ രോഹിണി മഹേഷിനെ കണ്ടു ചർച്ച നടത്തിയെന്ന ആരോപണത്തിനിടെയാണു ചിത്രങ്ങൾ പുറത്തുവന്നത്.