ഇടുക്കി മൂലമറ്റത്ത് തർക്കത്തെ തുടര്‍ന്ന് തട്ടുകടയിൽ ഒരാൾ കൊല്ലപ്പെട്ട വെടിവെപ്പിൽ മറ്റൊരാളുടെ നില ഗുരുതരം. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് മരിച്ചത്. മറ്റൊരാൾക്ക് കൂടി വെടിയേറ്റിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഫിലിപ്പ് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ (30) ആളുകൾക്ക് നേരെ തുരുതുരാ വെടിവെച്ചുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.മരിച്ച സനൽ സാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂലമറ്റം ഹൈസ്‌കൂളിന് മുന്‍പില്‍ ശനിയാഴ്ച രാത്രി 9.40ഓടെയാണ് സംഭവം. വനിതകള്‍ നടത്തുന്ന തട്ടുകടയായിരുന്നു ഇത്. ഭക്ഷണം തീര്‍ന്ന് പോയെന്ന് പറഞ്ഞതാണ് പ്രകോപന കാരണം. ഭക്ഷണം ഇല്ലാതിരുന്നതിന്റെ പേരില്‍ ഫിലിപ്പും സംഘവും ബഹളം ഉണ്ടാക്കിയപ്പോള്‍ ബഹളം വെക്കരുത് എന്ന് തട്ടുകടയിലുണ്ടായ മറ്റ് യുവാക്കള്‍ പറഞ്ഞു. ഈ യുവാക്കളില്‍ ഒരാളെ ഫിലിപ്പും സംഘവും തള്ളിയിട്ടു. തട്ടുകയില്‍ പ്രശ്‌നമുണ്ടാക്കിയ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് തിരിച്ചയച്ചു. എന്നാല്‍ വീട്ടില്‍ പോയി തോക്ക് എടുത്ത് കൊണ്ടുവന്ന് തട്ടുകടയ്ക്ക് മുന്‍പിലുണ്ടായിരുന്നവര്‍ക്ക് നേരെ കാറില്‍ ഇരുന്ന് തന്നെ ഫിലിപ്പ് വെടിവെക്കുകയായിരുന്നു.
തട്ടുകടയിലെ തർക്കം;ഭക്ഷണം തീര്‍ന്നെന്ന് പറഞ്ഞത് പ്രകോപനം,നാട്ടുകാര്‍ വീട്ടിലേക്ക് അയച്ച പ്രതി തോക്കുമായി തിരിച്ചെത്തി,തുരുതുരാ വെടിവെച്ചു

