പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്.തൃപ്പെരുന്തുറ പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക് വോട്ടുള്ളത്. ചെന്നിത്തല പഞ്ചായത്തിൽനിന്ന് അടുത്തിടെയാണ് അമ്മയുടെയും രമേശിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസ് വിലാസത്തിലേക്ക് മാറ്റിയത്. കുടുംബത്തിലെ മറ്റു എല്ലാവരുടെയും വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കാതെ അവശേഷിക്കുകയായിരുന്നു.ഉദ്യോഗസ്ഥരുടെ പിഴവ് കൊണ്ടാണ് ഇപ്പോഴും അമ്മയുടെ വോട്ട് പഞ്ചായത്തില്‍ തുടരുന്നതെന്ന് രമേശ് ചെന്നിത്തല പറയുന്നു.
ഇരട്ട വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സ്വന്തം വീട്ടിലെ ഇരട്ട വോട്ടിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നത്.കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്. ലാലിനും ഇരട്ട വോട്ടെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. വട്ടിയൂർക്കാവിലെ 170 നമ്പർ ബൂത്തിൽ 2 വോട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്നാണ് എസ്.എസ്. ലാലിന്‍റെയും വിശദീകരണം.
പെരുമ്പാവൂർ സിറ്റിങ് എം.എൽ.എയും മണ്ഡലത്തിലെ നിലവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ എൽദോസ് കുന്നപ്പിള്ളിക്കും ഇരട്ടവോട്ടെന്ന് കണ്ടെത്തിയിരുന്നു.