മദ്യ നയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുയടെ അറസ്റ്റിനെതിരെ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ .നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ഇടങ്ങളില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കുകയാണെന്നും അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും സിപിഐഎം പി ബി കുറ്റപ്പെടുത്തി.
സർക്കാർ ഏജൻസികളെ ത്രിശൂലം പോലെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെയും പ്രതിപക്ഷ നേതാക്കളെയും ലക്ഷ്യമിട്ട് ദുരുപയോഗം ചെയ്യുകയാണെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
‘മനീഷ് സിസോദിയയുടെ അറസ്റ്റിനെ സിപിഐഎം ശക്തമായി അപലപിക്കുന്നു. വോട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപിക്ക് തങ്ങളെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയാതെ വരുമ്പോള്‍ കേന്ദ്ര ഏജന്‍സികളെ ത്രിശൂലമായി ദുരുപയോഗം ചെയ്യുന്നു.അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ആക്രമിക്കുന്ന ബിജെപിയുടെ ദേശീയ നയത്തിന്റെ ഭാഗമാണ് സിസോദിയയുടെ അറസ്റ്റ്. ബിജെപിക്ക് മറ്റൊന്നും ചെയ്യാന്‍ പറ്റാത്തതുകൊണ്ടാണ് ഇത്തരം ആക്രമണങ്ങളെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
ഇതേ സമയം, മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റുചെയ്ത മനീഷ് സിസോദിയയെ കനത്ത പൊലീസ് സുരക്ഷയിൽ കോടതിയില്‍ ഹാജരാക്കി. സിസോദിയയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് സിബിഐ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. മദ്യനയത്തില്‍ മാറ്റം കൊണ്ടുവരാന്‍ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും സിബിഐ കോടതിയെ അറിയിച്ചു.
മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുക സംഘപരിവാറിന്റെ സഹജസ്വഭാവമാണെന്നും അത്തരം ശ്രമങ്ങളിലെ ഏറ്റവും പുതിയ അദ്ധ്യായമാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റെന്നും പിണറായി വിജയൻ പറഞ്ഞു.
സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനാണ് ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്നതിനർത്ഥം ജനാധിപത്യത്തെ തന്നെ അപ്രസക്തമാക്കുക എന്നതാണ്.
സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത കേന്ദ്ര സർക്കാരിൻ്റെ പിടിപ്പുകേടിനെതിരെ രാജ്യവ്യാപകമായി അസംതൃപ്തി ഉയരുകയാണ്. ആ ജനരോഷത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനും കുതന്ത്രങ്ങളെ ആശ്രയിക്കുന്നു. അത്തരമൊരു കുതന്ത്രം കൂടിയാണ് സിസോദിയയുടെ അറസ്റ്റ് എന്ന് കരുതേണ്ടിയിരിക്കുന്നു. ഇത്തരം അധികാര ദുർവിനിയോഗങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരണം. നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ശക്തമായി അപലപിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

