ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ സ്ക്വാഡിൽ നിന്ന് പേസർ ജസ്പ്രീത് ബുംറയെ നീക്കി . വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് തന്നെ നാലാം ടെസ്റ്റിലെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കണമെന്ന് ബുംറ ബിസിസിഐയോട് അഭ്യർത്ഥിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കി. നാലാം ടെസ്റ്റിൽ അദ്ദേഹം ഉണ്ടാവില്ല. അവസാന ടെസ്റ്റിനായി മറ്റ് ആരെയും ഉൾപ്പെടുത്തിയിട്ടില്ല.’- വാർത്താകുറിപ്പിൽ ബിസിസിഐ അറിയിച്ചു.
ആദ്യ മത്സരത്തിൽ ബുംറ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ടാം മത്സരത്തിൽ അദ്ദേഹത്തിനു വിശ്രമം അനുവദിച്ചു. മൂന്നാം മത്സരത്തിൽ കളിച്ചെങ്കിലും ബുംറയ്ക്ക് വിക്കറ്റൊന്നും കിട്ടിയിരുന്നില്ല.
‘ബുംറയുടെ അഭാവത്തിൽ ഉമേഷ് യാദവോ മുഹമ്മദ് സിറാജോ ആയിരിക്കും ഇഷാന്തിനൊപ്പം പന്തെറിയുക .
ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ആതിഥേയർ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പരയിൽ 2 -1 ന് മുന്നിലെത്തിയത്.
മൂന്നാം ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയിക്കുകയായിരുന്നു. രോഹിത് ശർമ്മ (25), ശുഭ്മൻ ഗിൽ (15) എന്നിവർ പുറത്താവാതെ നിന്നു. തോൽവിയോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി. അടുത്ത കളി ഇന്ത്യ ജയിച്ചാലോ സമനില ആയാലോ ഇന്ത്യ തന്നെ ഫൈനൽ കളിക്കും. ഇംഗ്ലണ്ട് ജയിച്ചാൽ ഓസ്ട്രേലിയ ആവും ന്യൂസീലൻഡിൻ്റെ എതിരാളികൾ