അടുത്തിടെ സംവിധായകൻ ലോകേഷ് കനകരാജിന്റെ അടുത്ത പത്ത് വർഷത്തെക്കുള്ള സിനിമകളുടെ വൺലൈൻ തനിക്ക് അറിയാമെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈതി 2, റോളകസ് കഥാപാത്രത്തിന്റെ സ്പിൻ ഓഫ്, നിലവില്‍ നിര്‍മിക്കുന്ന സിനിമ എന്നിവയെക്കുറിച്ച് ലോകേഷ് തന്നോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു പൃഥ്വി പറഞ്ഞത്. ഇപ്പോഴിതാ ഇതിന് ലോകേഷ് നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.പൃഥ്വിരാജുമായി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ അത് നടന്നില്ലെന്നും ലോകേഷ് കനകരാജ് പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം.”ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ വർക്ക് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. ആ സമയത്ത് അദ്ദേഹത്തിനോട് അടുത്തത് എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത് എന്നതിന്റെ ഒരു ലൈൻ അപ്പ് പറഞ്ഞിരുന്നു. അത് കേട്ട് അന്ന് അദ്ദേഹം എക്സൈറ്റഡ് ആയി. ശരിക്കും അടുത്ത പത്ത് വർഷത്തേക്ക് നിങ്ങൾക്ക് വേറെ കഥയൊന്നും എഴുതണ്ടതില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞിരുന്നു”, എന്നാണ് ലോകേഷ് പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.പൃഥ്വിയുടെ ഈ പ്രസ്താവനയ്ക്കു പിന്നാലെ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൃഥ്വി ഇതൊക്കെ തള്ളുന്നതാണെന്നും ആഗ്രഹങ്ങൾ പറഞ്ഞതാകും എന്നൊക്കെയായിരുന്നു കമന്റുകൾ വന്നത്.