നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷാ ഹർജി പരിഗണിക്കുന്നത് പ്രോസിക്യൂഷൻ്റെ ആവശ്യപ്രകാരം ബുധനാഴ്ചത്തേക്ക് മാറ്റി. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ചെങ്ങമനാട് സ്വദേശി ബൈജു, അപ്പു, ആലുവ സ്വദേശി ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് മാറ്റിയിരിക്കുന്നത്. പ്രതികളെ അതുവരെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കേസുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണുകൾ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം പ്രതി ദിലീപ് നേരത്തെ തള്ളിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടത് പോലെ ഫോൺ ഹാജരാക്കാൻ സാധിക്കില്ലെന്നും തന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നുമാണ് ദിലീപ് പറയുന്നത്. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഈ ഫോണിൽ ഇല്ലെന്നും ദിലീപ് ക്രൈംബ്രാഞ്ചിന് നൽകിയ മറുപടിയിൽ പറഞ്ഞു.
ഹാജരാക്കണമെന്ന ആവശ്യപ്പെട്ട ഒരു മൊബൈൽ ഫോൺ ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്നതാനെന്നും മറ്റൊരു ഫോണിൽ ബാലചന്ദ്രകുമാറിനെതിരായ തെളിവുകളുണ്ടെന്നും ദിലീപ് പറഞ്ഞു. . ബാലചന്ദ്രകുമാറിനെതിരായ തെളിവുകളുള്ള ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ഇതിന്റെ ഫലം ഒരാഴ്ച്ചക്കുള്ളിൽ ലഭിക്കുമെന്നും . ഫലം കോടതിക്ക് കൈമാറാം. അല്ലാതെ പൊലീസിന് നൽകില്ലെന്നും ദിലീപ് പറഞ്ഞു. പോലീസ് തനിക്കെതിരെ കള്ളക്കഥയുണ്ടാക്കുമെന്നാണ് ദിലീപ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോൺ പരിശോധിക്കണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചു. ഇത് പരിശോധിച്ചാൽ തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകൾ ലഭിക്കുമെന്നാണ് ദിലീപ് അവകാശപ്പെടുന്നത്.