തിരുവനന്തപുരം: ശശി തരൂരിന്റെ മലബാർ സന്ദർശനത്തോടെ കോൺഗ്രസിലുയർന്ന തർക്കം പരസ്യമായതോടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. നേതാക്കൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ കോൺഗ്രസിൽ അവസരമുണ്ട്. എന്നാൽ അഭിപ്രായവ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. പാർട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചു വേണം പരിപാടികളിൽ പങ്കെടുക്കാനെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രതിപക്ഷ നേതാവും തരൂരും അകൽച്ചയിലാണെന്ന വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധതക്കെതിരെ ഒറ്റക്കെട്ടായി സമരം നയിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശശി തരൂരിന് കെപിസിസി നിർദേശം നൽകിയതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. സമാന്തര പരിപാടി പാടില്ലെന്നാണ് തരൂരിന് കെപിസിസി അച്ചടക്ക സമിതി നൽകിയ നിർദേശം. ഡിസിസി അനുമതിയോടെ ഏത് പരിപാടിയിലും പങ്കെടുക്കാം. ജില്ലാ കോൺഗ്രസ് നേതൃത്വത്തെ പരിപാടിയുടെ കാര്യങ്ങൾ അറിയിച്ചിരിക്കണം. എല്ലാ നേതാക്കൾക്കും ഇത് ബാധകമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന അച്ചടക്ക സമിതി നിർദേശിച്ചു.
ഇപ്പോൾ തരൂർ നടത്തുന്നത് പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന അഭിപ്രായം അച്ചടക്ക സമിതിക്കില്ല. എന്നാൽ ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളെ അറിയിക്കാതെയുള്ള പോക്ക് സമാന്തര പ്രവർത്തനമാണെന്നും വിഭാഗീയ പ്രവർത്തനമാണെന്നുമുള്ള തെറ്റിദ്ധാരണ നേതാക്കളിൽ വരെ സൃഷ്ടിച്ചുവെന്ന് അച്ചടക്ക സമിതി വിലയിരുത്തി. നിർദേശങ്ങൾ അടങ്ങിയ ശുപാർശ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

