പ്രശസ്ത ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം.ബി രാജേഷും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുശോചനമറിയിച്ചു .
മലയാളികളുടെ മനസ്സിൽ മായാതെ പതിഞ്ഞ നിരവധി ഗാനങ്ങളുടെ ശില്പിയാണ് അദ്ദേഹമെന്ന് സ്‌പീക്കർ പറഞ്ഞു.
എഴുപതുകൾ മുതൽ മരിക്കുന്നതുവരെ അദ്ദേഹം സജീവമായി ഗാനരചന നടത്തി.
നിരവധി സിനിമാഗാനങ്ങളും ലളിതഗാനങ്ങളും എഴുതി.
ബിച്ചു തിരുമല എഴുതി എ ടി ഉമ്മർ സംഗീതം നൽകി എസ് ജാനകി പാടിയ “രാകേന്ദുകിരണങ്ങൾ ഒളിവീശിയില്ല” എന്ന ഗാനം തനിക്ക് ഏറ്റവും ഇഷ്ടമുള്ള മലയാള സിനിമാഗാനമാണ് എന്ന് സ്പീക്കർ അനുസ്മരിച്ചു.
അദ്ദേഹം എഴുതി ജയവിജയന്മാർ സംഗീതം നൽകി യേശുദാസ് പാടിയ “നക്ഷത്രദീപങ്ങൾ തിളങ്ങീ” എന്ന ഗാനം മലയാളത്തിലുണ്ടായ ഏറ്റവും ജനപ്രിയഗാനങ്ങളിലൊന്നാണെന്നും . ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ, മിഴിയോരം നനഞ്ഞൊഴുകും, ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം, ഒറ്റക്കമ്പി നാദം മാത്രം, ശ്രുതിയിൽ നിന്നുയരും തുടങ്ങി അദ്ദേഹം എഴുതിയ ഹിറ്റ് ഗാനങ്ങളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. സിനിമയുടെ സന്ദർഭത്തിനപ്പുറം കാവ്യഭംഗിയുള്ള രചനകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. പ്രതിഭാശാലിയായ കവിയെയാണ് മലയാളത്തിന് നഷ്ടമായത്. സ്‌പീക്കർ പറഞ്ഞു.
ആരാധകരുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.
മധുരമൂറുന്ന വാക്കുകള്‍ കോര്‍ത്ത് അതിലേറെ മാധുര്യമുള്ള ഗാനങ്ങള്‍ സമ്മാനിച്ച ഗാന രചയിതാവ് ബിച്ചു തിരുമലയ്ക്ക് ആദരാഞ്ജലികളര്‍പ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു .
എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന ഗാനങ്ങളാണ് ബിച്ചു തിരുമലയുടേത്. ശ്രുതിയില്‍നിന്നുയരും…’, തേനും വയമ്പും ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ തുടങ്ങിയ ഗാനങ്ങള്‍ നമുക്കൊരിക്കലും മറക്കാനാകില്ല. നാനൂറിലേറെ സിനിമകളിലും ഭക്തിഗാനങ്ങളുമടക്കം അയ്യായിരത്തോളം ഗാനങ്ങളാണ് ബിച്ചു തിരുമല മലയാളത്തിന് സമ്മാനിച്ചത്.
പ്രിയകവിയുടെ വിയോഗത്തില്‍ അനുശോചിക്കുന്നു. കുടുംബത്തിന്റെയും ആരാധകരുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.