കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്ന സംശയം ബലപ്പെടുന്നു.അറസ്റ്റിലായ പ്രതികള്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു.കൊല്ലപ്പെട്ട ജമീഷ മുബീനുമായി അടുത്തബന്ധം പുലര്‍ത്തിയ ഫിറോസ് ഇസ്മയിലിനെ 2019-ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐ.എസ് ബന്ധത്തെ തുടർന്നാണ്. ജമേഷ മുബീന്റെ ശരീരത്തിൽ തീകത്തുന്ന രാസലായനിയുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. 13 ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്കയച്ചത്.തന്റെ മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണമെന്ന് മരിക്കുന്നതിന് മുമ്പ് മുബിന്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല.ജമേഷയുടെ വീട്ടിൽ നിന്ന് സംശയാസ്‍പദമായ രേഖകള്‍ പലതും പൊലീസ് കണ്ടെത്തി. കോയമ്പത്തൂർ നഗരത്തിലെ ക്ഷേത്രങ്ങൾ, കളക്ട്രേറ്റ്, കമ്മീഷണർ ഓഫീസ് തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയതായി കണ്ടെത്തി. വീട്ടിൽ നിന്ന് 75 കിലോ സ്ഫോടനക്കൂട്ടുകളും കണ്ടെത്തിയിരുന്നു.കോയമ്പത്തൂർ നഗരത്തെ നടുക്കിയ സ്ഫോടനത്തിൽ അഞ്ചു പേരാണ് പിടിയിലായത്. ഉക്കടം സിഎം നഗറിലെ മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് നവാസ് ഇസ്മായിൽ, ഫിറോസ് ഇസ്മായിൽ, മുഹമ്മദ് തൊഹൽക്ക എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ കാറിലുണ്ടായ സ്ഫോടനത്തിൽ ഉക്കടം സ്വദേശി ജമേഷ മുബീൻ മരണപ്പെട്ടിരുന്നു