ജെഡിഎസ് – എല്‍ജെഡി ലയനം നീണ്ടേക്കാന്‍ സാധ്യത. സംസ്ഥാന അധ്യക്ഷസ്ഥാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ ഉടലെടുത്ത തര്‍ക്കം സമവായമാവാതെ വന്നതാണ് കാരണം. പാര്‍ട്ടിയില്‍ 70 ശതമാനം ഭാരവാഹിത്വവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും വേണമെന്നാണ് എല്‍ജെഡിയുടെ ആവശ്യം. നിയമസഭാ സീറ്റുകളുടെ കാര്യത്തിലും ഇതേ ധാരണ വേണമെന്ന് എല്‍ജെഡി ആവശ്യപ്പെടുന്നു. എന്നാല്‍ അധ്യക്ഷന്‍ സ്ഥാനം വിട്ടു തരാനാവില്ലെന്ന നിലപാടിലാണ് ജെഡിഎസ്.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. ഒരുമിച്ച് ഒരു പാര്‍ട്ടിയായി എല്‍ഡിഎഫില്‍ തുടരാന്‍ യുഡിഎഫ് വിട്ടു വന്ന എം.വി.ശ്രേയാംസ്കുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദളും മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്യുലറും നേരത്തെ ധാരണയായിരുന്നു.
ഇരുപാര്‍ട്ടികളും ഒന്നായി നില്‍ക്കണമെന്ന താത്പര്യമാണ് സിപിഎമ്മിനും ഉള്ളത്. എന്നാല്‍ ഇതുവരേയും ലയനത്തിന് അനുകൂലമായ സാഹചര്യമൊരുക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മാത്യു ടി. തോമസും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും എം.വി. ശ്രേയാംസ്കുമാറുമായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ജെഡിഎസ് നേതൃത്വം ശ്രേയാംസ്കുമാറിന് മുന്നില്‍ തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് ലയനം വേണമെന്ന നിര്‍ദ്ദേശം വച്ചിട്ടുണ്ടെങ്കിലും അതിനിയും നീളും എന്ന സൂചനയാണ് എല്‍ജെഡി നേതൃത്വം നല്‍കുന്നത്.