കൊല്ലം: ഹർത്താലിനിടെ പൊലീസിനെ ആക്രമിച്ച പിഎഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ. കൂട്ടിക്കട സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. യാത്രക്കാരെ അസഭ്യം പറയുന്നത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു ഷംനാദ് പൊലീസിനെ ആക്രമിച്ചത്. ഇരവികുളം പൊലീസാണ് പ്രതിയെ പിടികൂടിയത്. ബൈക്കിൽ പട്രോളിംഗ് നടത്തുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയാണുണ്ടായതെന്നാണ് പരുക്കേറ്റ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. ആന്റണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരുക്കേറ്റിരിക്കുന്നത്.
അതിനിടെ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെഎസ്ആർടിസിക്കുണ്ടായ നഷ്ടം ഇനിയും വർധിക്കും. ഹർത്താൽ അനുകൂലികൾ തകർത്ത 71 ബസുകളുടെ നഷ്ടം 50 ലക്ഷം രൂപയായാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഈ ബസുകൾ സർവീസ് നടത്താത്തതു മൂലമുണ്ടാകുന്ന നഷ്ടവും ഹർത്താൽ ദിന നഷ്ടമായി കണക്കാക്കും. ആദ്യമായാണ് ഇത്തരമൊരു നടപടിയിലേക്ക് കെ എസ് ആർ ടി സി നീങ്ങുന്നത്.71 ബസുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. ഇതിൽ ഭൂരിഭാഗം ബസുകളുടെയും മുൻവശത്തെ ചില്ലുകളാണ് തകർന്നത്.
കൂടാതെ പല ബസുകളുടെയും പിൻവശത്തെ ചില്ലിനും ബോഡിയിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവയെല്ലാം കണക്കിലെടുത്താണ് 50 ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയത്. 71 ബസുകളും കേടുപാടുകൾ പരിഹരിക്കാതെ ഇനി നിരത്തിലിറക്കാനാകില്ല. ഇങ്ങനെ സർവീസ് മുടങ്ങിയുളള നഷ്ടം കൂടി പരിഗണിച്ചാകും അന്തിമനഷ്ടം കണക്കാക്കുകയെന്നാണ് കെ എസ് ആർ ടിസിയിൽ നിന്നും ലഭിക്കുന്ന വിവരം.

