ചെര്‍പ്പുളശ്ശേരി കുലുക്കല്ലൂര്‍ ക്രെഡിറ്റ് സഹകരണ സംഘം തട്ടിപ്പില്‍ ആറ് നേതാക്കള്‍ക്കെതിരെ നടപടിയുമായി സിപിഐഎം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ഏരിയ കമ്മറ്റി ജില്ലാ കമ്മറ്റിയോട് ശുപാര്‍ശ ചെയ്തു. ലോക്കല്‍ കമ്മറ്റി അംഗമായ സംഘം പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍, ലോക്കല്‍ കമ്മറ്റി അംഗവും സംഘം ജീവനക്കാരനുമായ മണികണ്ഠന്‍, സംഘം ഓണററി സെക്രട്ടറി ജനാര്‍ദനന്‍ നായര്‍ എന്നിവര്‍ക്ക് എതിരെയാന് നടപടി. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ശുപാര്‍ശ.
ഇവര്‍ക്ക് പുറമെ ലോക്കല്‍ സെക്രട്ടറി എം എം വിനോദ് കുമാര്‍, സംഘം വൈസ് പ്രസിഡന്റ് എംകെ ശ്രീകുമാര്‍ എന്നിവരെ സസ്പന്റ് ചെയ്യ്ാനും ശുപാര്‍ശയുണ്ട്. ഇതിന് പുറമെ തട്ടിപ്പ് നടന്ന സംഘം ഭരണസമിതി പിരിച്ചു വിടാനും ഏരിയ കമ്മറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഏരിയ കമ്മിറ്റിയുടെ ശുപാര്‍ശ പരിശോധിച്ച ശേഷം ജില്ലാ കമ്മിറ്റി വിഷയത്തില്‍ തീരുമാനമെടുക്കും.
കുലുക്കല്ലൂര്‍ ക്രഡിറ്റ് സഹകരണവുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പില്‍ 45.5 ലക്ഷം രൂപ നഷ്ടമായെന്നാണ് പരാതി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ആയിരുന്നു ക്രമക്കേട് പുറത്ത് വന്നത്. സംഭവം പരിശോധിക്കാന്‍ പാര്‍ട്ടി മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. തെളിവെടുപ്പ് ഉള്‍പ്പെടെ നടത്തി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഏരിയാ കമ്മിറ്റി നടപടിക്ക് ശുപാര്‍ശ ചെയ്തത്