തിരുവനന്തപുരം: മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി തിരച്ചില്‍ നടക്കുന്ന അങ്കോലയിലേക്ക് പോകും. ഉച്ചയോടെ മന്ത്രിമാര്‍ സംഭവസ്ഥലത്തെത്തും. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതു പ്രകാരമാണ് മന്ത്രിമാര്‍ ഷിരൂരിലെത്തുന്നത്.
അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം അര്‍ജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബര്‍ ആക്രമണം ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യപ്പറ്റ് ഇല്ലാത്ത ഇത്തരം നടപടിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ അര്‍ജുന്റെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയെങ്കിലും അത് പുറത്തേക്ക് എടുക്കാന്‍ ദൗത്യസംഘത്തിന് കഴിഞ്ഞിട്ടില്ല. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് നദിയില്‍ ഇറങ്ങാന്‍ കഴിയൂ. പുഴയിലെ അടിയൊഴുക്ക് തിരച്ചിലിന് കനത്ത വെല്ലുവിളിയാണ്.