മരംമുറി ഉത്തരവ് പുറത്തിറക്കാന്‍ നിയമ ഉപദേശം തേടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്. റവന്യൂ വകുപ്പ് നിയമവകുപ്പിന്റെയോ അഡ്വക്കേറ്റ് ജനറലിന്റെയോ അഭിപ്രായം തേടിയില്ല. ഉത്തരവ് പുറത്തിറക്കിയത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്് എന്നും റവന്യൂ മന്ത്രി പറഞ്ഞു.
മരംമുറിയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ആണ് എംഎല്‍എമാര്‍ റവന്യൂ മന്ത്രിക്ക് മുന്നില്‍ വച്ചത്. നിയമ വകുപ്പിന്റെ അനുമതി തേടാതെ അന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് മരം മുറിക്കാന്‍ അനുമതി നല്‍കിയത് പ്രതിപക്ഷം വന്‍വിവാദമാക്കിയിരുന്നു. എന്നാല്‍ സര്‍വ്വകക്ഷി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടയഭൂമിയിലെ മരം മുറിക്കാന്‍ അനുമതി നല്‍കിയതെന്നും ഇതില്‍ നിയമ പ്രശ്നമില്ലെന്നും ആയിരുന്നു റവന്യൂവകുപ്പിന്റെ നിലപാട്. ഇക്കാര്യം വീണ്ടും നിയമസഭയില്‍ റവന്യൂ മന്ത്രി കെ രാജന് ആവര്‍ത്തിച്ചു. മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട നിലപാടെടുത്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനെതിരെയും നടപടി എടുത്തിട്ടില്ലന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായിരുന്നു ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ സംഭവത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മന്ത്രി ആവര്‍ത്തിക്കുന്നു. ഗുഡ് സര്‍വീസ് എന്‍ട്രി നല്കിയതും തിരിച്ചെടുത്തതും മന്ത്രി അറിഞ്ഞില്ല. ഉദ്യോഗസ്ഥ നടപടി മാത്രമാണ് ഉണ്ടായത്. വനിതാ ഉദ്യോഗസ്ഥ മന്ത്രിക്ക് നല്കിയ പരാതിയില്‍ ചീഫ് സെക്രട്ടറി അന്വേഷണം നടത്തുകയാണ്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
മുട്ടില്‍ മരംമുറി വിവാദത്തിന്റെ അടിസ്ഥാനത്തില്‍ ഫയലുകള്‍ കൈകാര്യം ചെയ്ത റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി എടുക്കുന്നു എന്നാണ് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നത്. മരംമുറി യുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തായതില്‍ ഉദ്യോഗസ്ഥതല ഗൂഢാലോചന നടന്നുവെന്നാണ് സര്‍ക്കാരിന്റെ നിലപാട് എന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് മന്ത്രി കെ രാജന് നിയമസഭയില്‍ മറുപടി നല്‍കിയത്.
മരംമുറി കേസിലെ പ്രതികള്‍ മുന്‍ മന്ത്രിമാരുമായും ഇപ്പോഴത്തെ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ റവന്യുമന്ത്രി ഇത് നിഷേധിച്ചു. പ്രതികള്‍ ആരും തങ്ങളെ വന്ന കണ്ടിട്ടില്ലെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്.

