വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്. വനം കൊള്ള നടത്തിയിട്ടില്ല, തങ്ങളുടെ ഉടമസ്ഥതയിലുള്ള പട്ടയഭൂമിയില്‍ നിന്നും റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയോടെ സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് മരങ്ങള്‍ മുറിച്ചതെന്നായിരുന്നു പ്രതികളുടെ വാദം. ഈ വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
റിസര്‍വ് വനത്തില്‍ നിന്നല്ല, മറിച്ച് പട്ടയ ഭൂമിയില്‍ നിന്നുമാണ് തങ്ങള്‍ മരം മുറിച്ചു മാറ്റിയതെന്നായിരുന്നു പ്രതികളുടെ പ്രധാന വാദം. വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങള്‍ മുറിച്ചത്. അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ റിസര്‍വ് മരങ്ങള്‍ തന്നെയാണ് പ്രതികള്‍ മുറിച്ച് നീക്കിയതെന്നും കോടിക്കണക്കിന് രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം.
പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ മറ്റൊരു കേസില്‍ നല്‍കിയ ജാമ്യം റദ്ദാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
മരം മുറിച്ചു കടത്തിയതിന് പിന്നില്‍ വന്‍ മാഫിയയാണെന്നാണ് വിസ്താര വേളയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. കേസ് അന്വേഷണം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. മരം മുറിച്ചു നടത്താന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ എന്ത് നടപടി എടുത്തു എന്ന് ഹൈക്കോടതി ചോദിച്ചു.
സര്‍ക്കാര്‍ അനുമതിയുടെ അടിസ്ഥാനത്തിലാണ് മരം മുറിച്ചതെന്നും തങ്ങള്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിയമപരമായി നിലനില്‍ക്കില്ല എന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാല്‍ പ്രതികളുടെ ആവശ്യത്തെ ശക്തമായി എതിര്‍ത്ത സര്‍ക്കാര്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത് എന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണം പ്രാഥമികഘട്ടത്തില്‍ ആണ്. ഒട്ടേറെ ഉന്നതബന്ധങ്ങള്‍ ഉള്ള കേസാണിത്. മരം മുറിച്ചു കടത്തിയതിന് പിന്നില്‍ വന്‍ മാഫിയകള്‍ ഉണ്ട്. കോടികളുടെ മരം ഇവര്‍ മുറിച്ചു കടത്തിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വില്ലേജ് ഓഫീസര്‍മാര്‍ അടക്കം അന്വേഷണം നേരിടുകയാണ്. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് പ്രതികള്‍ മരങ്ങള്‍ മുറിച്ചു നടത്തിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ച ജസ്റ്റിസ് നാരായണപിഷാരടി അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം തള്ളുകയായിരുന്നു.
മുറിച്ചു കടത്തിയ മരങ്ങള്‍ കണ്ടു കെട്ടുന്നത് ചോദ്യം ചെയ്തു ലിസമ്മ സെബാസ്റ്റ്യന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി എടുത്തു എന്ന് കോടതി ചോദിച്ചിരുന്നു. എന്തടിസ്ഥാനത്തിലാണ് മരങ്ങള്‍ മുറിക്കാന്‍ ഇത്തരത്തില്‍ അനുമതി നല്‍കിയതെന്നും ജസ്റ്റിസ് പി ഗോപിനാഥ് ചോദിച്ചു. മരം മുറിക്കാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.