സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടാന്‍ കാരണം സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിന് കാരണം വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ്. സര്‍ക്കാരിന്റെയും, ബോര്‍ഡിന്റെയും അഴിമതിയും കെടുകാര്യസ്ഥതയും മൂലമുണ്ടായ ഭീമമായ നഷ്ടം നികത്താനാണ് ചാര്‍ജ്ജ് വര്‍ദ്ധനവെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ ഏറ്റവും ദുരിതപൂര്‍ണമായ കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഇടിവെട്ട് കൊണ്ടപോലെയാണ് സ്ഥിതിയാണെന്നും അദ്ദേഹം ചൂണണ്ടികാട്ടി.
‘സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമുണ്ടായ പ്രതിസന്ധിയാണ് നിലവില്‍ കെഎസ്ഇബിയുടേത്. സാമ്പത്തിക സ്ഥിതിയില്‍ സര്‍ക്കാര്‍ അടിയന്തരമായി ധവള പത്രം പുറത്തിറക്കണം. സംസ്ഥാനത്തിന് വരുമാനമില്ല എന്നതാണ് പ്രധാന പ്രശ്‌നം. നികുതി പിരിവില്‍ ദയനീയമായി സര്‍ക്കാര്‍ പരാജയപ്പെട്ടു. ആയിരം കണക്കിന് കോടി രൂപയുടെ നികുതി പിരിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. അനാവശ്യ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ പണം ചിലവാക്കുകയാണ്’, വി ഡി സതീശന്‍ പറഞ്ഞു.
‘മുഖ്യമന്ത്രി കാര്‍ വാങ്ങുന്നതിനെ ഞാന്‍ വിമര്‍ശിക്കുന്നില്ല. എന്നാല്‍ ജനങ്ങള്‍ സാമ്പത്തിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയമാണ്. ഉദ്യോഗസ്ഥര്‍ക്ക് പണം കൊടുക്കാനില്ലാത്ത അവസ്ഥ ആണ്. നിലവിലെ സാഹചര്യത്തില്‍ ധൂര്‍ത്ത് എന്തിനാണ്. ധനകാര്യ വകുപ്പിന് ഒന്നിലും നിയന്ത്രണമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിലാണ് എല്ലാം നടക്കുന്നത്’,സതീശന്‍ പറഞ്ഞു.
കൂടാതെ, സിപിഎമ്മിന്റെ കിളി പറന്നുപോയെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു. സിപിഎം ഭീതിയും വെപ്രാളവും പരിഭ്രമവും കാട്ടുന്നു. സിപിഎമ്മിന് എന്തോ സംഭവിച്ചിട്ടുണ്ട്. വയനാട്ടില്‍ ആര്‍ക്കെതിരെയാണ് പ്രതിഷേധ മാര്‍ച്ച്? ആകാശത്തേക്ക് നോക്കിയാണോ മാര്‍ച്ചെന്നും സതീശന്‍ ചോദിച്ചു.