പുകയില വിരുദ്ധ കോഴിക്കോടിനായി ജില്ലാഭരണകൂടവും ദേശീയ ആരോഗ്യ ദൗത്യവും കൈകോര്‍ക്കുന്ന ക്വിറ്റ് ടു കെയര്‍ ക്യാംപെയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍വഹിച്ചു.
ജനകീയ പങ്കാളിത്വത്തോടെ ഭരണം നടപ്പാക്കാനാണ് ജില്ലാ ഭരണകൂടം ആഗ്രഹിക്കുന്നത്, ലഹരി ഉപയോഗം പോലുള്ള സാമൂഹ്യ പ്രശ്നങ്ങളെ ചെറുക്കാന്‍ വിദ്യാര്‍ത്ഥികളും സഹകരിക്കുന്നതിലൂടെ നല്ല മാതൃക ഒരുക്കാന്‍ കഴിയുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാഭരണകൂടം നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തൊണ്ടയാട് ചിന്മയ വിദ്യാലയത്തിലാണ് സംഘടിപ്പിച്ചത്.
ക്വിറ്റ് കെയര്‍ എന്ന ആശയം മുന്നോട്ടു വെച്ച സി എം ഐ സ്കൂള്‍ വിദ്യാര്‍ത്ഥിനി വി ശ്രീലക്ഷ്മി പദ്ധതി വിശദീകരണം നടത്തി. ശ്രീലക്ഷ്മി മുന്‍പ് യുഎഇയില്‍ ബോധവത്കരണ ക്യാമ്പയിനിലൂടെ ഇരുന്നൂറോളം പേരെ പുകവലിയില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ട്. ക്വിറ്റ് ടു കെയര്‍ ക്ലബ് രൂപീകരണം, ചലഞ്ച് ഫോര്‍ സ്കൂള്‍, അംബാസഡര്‍ പ്രോഗ്രാം, വിവിധ മത്സരങ്ങള്‍ തുടങ്ങിയ ഘട്ടങ്ങളിലൂടെ വിദ്യാര്‍ത്ഥികളില്‍ പുകയിലക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ് ലക്ഷ്യമെന്ന് ശ്രീലക്ഷ്മി പറഞ്ഞു. ക്യാമ്പയിനിന്റെ ഭാഗമായി ഓരോ ഗവണ്മെന്റ് /എയ്ഡഡ് സ്കൂളുകളില്‍ നിന്നും രണ്ട് വിദ്യാര്‍ഥികളെയും ഒരു നോഡല്‍ ടീച്ചറിനെയും തിരഞ്ഞെടുക്കും. ഇവരിലൂടെ ആണ് കൂടുതല്‍ പേരിലേക്ക് ക്വിറ്റ് ടു കെയര്‍ ക്യാമ്പെയിന് വ്യാപിപ്പിക്കുക. കാലിക്കറ്റ് ഓക്സ്ഫോര്‍ഡ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയും ക്വിറ്റു ടു ക്യാമ്പയിന് അംബാസഡറുമായ തമന്ന കുട്ടികളോട് സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അധ്യക്ഷത വഹിച്ചു. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഹരിദാസന് പിസി, ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് എക്സൈസ് വി ആര് അനില്‍കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുരേഷ് കുമാര്‍ ഇ.കെ, അഡീ ഡി.എം.ഒ എസ് എന്‍ രവികുമാര്‍, അഡീ. ഡി.എം.ഒ ആശാദേവി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ മണി എംപി, ചിന്മയ വിദ്യാലയം പ്രിന്‍സിപ്പല്‍ കെ പി ശ്രീജിത്ത്,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ നവീന്‍ എ തുടങ്ങിയവര്‍ പങ്കെടുത്തു.