പാലക്കാട്: വന്ദേഭാരത് എക്സ്പ്രസിൽ വി.കെ.ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ചവരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. അട്ടപ്പാടി പുതൂർ പഞ്ചായത്തംഗം സെന്തിൽ കുമാർ ഉൾപ്പെടെ പോസ്റ്റർ പതിപ്പിച്ച ആറുപേരും കോൺഗ്രസ് പ്രവർത്തകരാണ്. പോസ്റ്റർ പതിപ്പിച്ചത് മനപൂർവമല്ലെന്നും ആവേശത്തിന്റെ പുറത്ത് കൈയിലുണ്ടായ പോസ്റ്റർ ഗ്ലാസിൽ ചേർത്ത് പിടിക്കുകയായിരുന്നുവെന്നും സെന്തിൽ പറഞ്ഞു.
പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ഷൊർണൂർ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. പോസ്റ്റർ ഒട്ടിച്ചവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഷൊർണൂർ ആര്‍പിഎഫിന് നൽകിയ പരാതിയിലാണ് കേസെടുത്തത്.
റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോസ്റ്റര്‍ പതിപ്പിച്ചവരെ കണ്ടെത്താനായിരുന്നു ആര്‍പിഎഫ് ശ്രമം. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. നിരവധി ബിജെപി നേതാക്കളും സംഭവത്തിൽ റെയിൽവേ പൊലീസിന് പരാതി നൽകിയിരുന്നു.