കുന്ദമംഗലം : കാലാവസ്ഥ രൂക്ഷമായതിനെ തുടർന്ന് കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്തിലെ ജനതയ്ക്ക് ആശ്വാസ നടപടിയുമായി കളക്ടർ സാംബ ശിവ റാവുവിന്റെ ഇടപെടൽ. കഴിഞ്ഞ ദിവസം മുഖ പുസ്തകത്തിലൂടെ തങ്ങളുടെ കുടിവെള്ള പ്രശനം ചൂണ്ടി കാണിച്ച് അഞ്ചാം വാർഡിൽ മലയിൽ മാധവന്റെ മകൻ ഓട്ടോ ഡ്രൈവറും സാമൂഹിക പ്രവർത്തകനുമായ പ്രജീഷ് നൽകിയ പരാതിയെ തുടർന്നായിരുന്നു കലക്ടറുടെ ഇടപെടൽ.
പ്രദേശത്തെ പത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളത്തിന് യാതൊരുവിധ സ്രോതസ്സുമില്ലാതെ ബുദ്ധിമുട്ടുന്ന കാര്യവും ഒപ്പം അലക്കാനും കുളിക്കാനും വേണ്ടി ലോക്ക് ഡൗൺ സാഹചര്യത്തത്തിൽ പുറത്ത് പോകുവാനും സാധിക്കുന്നില്ലെന്നും ഉന്നയിച്ച് കഴിഞ്ഞ ശനിഴാച്ചയാണ് പ്രജീഷ് പരാതി നൽകിയത്. തുടർന്ന് പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കിയിട്ടുണ്ടെന്നും പരാതിയിൽ മറുപടിയായി കളക്ടർ പ്രജീഷിന് സന്ദേശം അയച്ചു.
ഗ്രാമപഞ്ചായത്തിൽ കുടിവെള്ള വിതരണത്തിനായി ഏപ്രിൽ 27 ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും അടുത്ത മാസം ഒന്നു മുതൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കുടിവെള്ള വിതരണം നടത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി പറഞ്ഞു.
നിലവിൽ ലോക്ക് ഡൌൺ മൂലം ജോലിക്ക് പോകാൻ കഴിയാതെ പ്രയാസപ്പെടുന്ന ഓട്ടോ തൊഴിലാളിയായ ഇദ്ദേഹത്തിന്റെ കുടുംബത്തിൽ അസുഖ ബാധിതയായി കിടപ്പിലായ അമ്മയെയും വികലാംഗയായ സഹോദരിയുടെയും മൂന്നു മാസവും ,പത്ത് വയസ്സ് വയസുമുള്ള തന്റെ രണ്ട് കുഞ്ഞുങ്ങളും ഭാര്യയെയും നോക്കാൻ ബുദ്ധിമുട്ടുന്നു എന്ന കാര്യവും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഇടപെടുമെന്നും കളക്ടർ മറുപടി പറഞ്ഞു .