ന്യൂഡല്‍ഹി: മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ കെട്ടഴിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈകോടതി ജഡ്ജിയുടെ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. ജസ്റ്റിസ് ബി.ആര്‍ ഗവായി, ജസ്റ്റിസ് എ.ജി മാശിഷ് എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ചെയ്തത്. ഹൈകോടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അലഹബാദ് ഹൈകോടതി ജഡ്ജിയില്‍ നിന്നും ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് ഉണ്ടായതെന്ന് പറയുന്നതില്‍ തങ്ങള്‍ക്ക് വിഷമമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ എല്ലാവശവും പരിശോധിച്ചാണ് ജഡ്ജി വിധി പുറപ്പെടുവിച്ചത്. എന്നാല്‍, ഇത് നിയമത്തിന്റെ തത്വങ്ങളെ പൂര്‍ണമായും നിരാകരിക്കുന്നതിനാല്‍ ഇടപെടാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സംഭവത്തില്‍ കേന്ദ്രസര്‍ക്കാറിനും ഉത്തപ്രദേശ് സര്‍ക്കാറിനും സുപ്രീംകോടതി നോട്ടീസ് അയിച്ചിട്ടുണ്ട്.
അലഹബാദ് ഹൈകോടതി ജഡ്ജി രാം മനോഹര്‍ നാരായണ്‍ മിശ്രയാണ് ബലാത്സംഗത്തെ കുറിച്ചുള്ള വിവാദ വിധി പ്രസ്താവിച്ചത്. ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും പൈജാമയുടെ ചരടുപിടിച്ചു വലിക്കുകയും പിന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചെന്നുമാണ് കേസ്. പവന്‍, ആകാശ് എന്നിവരാണ് കേസിലെ പ്രതികള്‍.
ആക്രമണം നടക്കുന്നതിനിടെ സ്ഥലത്ത് ഒരാള്‍ വന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.ഈ കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് കീഴ്‌കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ വിവാദ നിരീക്ഷണം.