തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. തന്റെയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും നിറവ്യത്യാസത്തെ കുറിച്ച് സുഹൃത്ത് താരതമ്യം ചെയ്തു. ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത് മുതല്‍ ഈ താരതമ്യം നേരിടേണ്ടി വരുന്നുണ്ടെന്നും അവര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദ അധിക്ഷേപം തുറന്നുപറഞ്ഞത്.
ചൊവ്വാഴ്ച രാവിലെ ഇതുമായി ബന്ധപ്പെട്ട് ചെറിയൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് പിന്‍വലിച്ചു. പിന്നാലെ രാത്രി ഇതുമായി ബന്ധപ്പെട്ട് ഒരു വിശദ കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഈ പോസ്റ്റിനു താഴെ വന്ന കമന്റുകളെ തുടര്‍ന്നാണ് അത് അവര്‍ നീക്കം ചെയ്തത്. ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതിനാലാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്നും ശാരദ മുരളീധരന്‍ കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞദിവസം തന്നെ കാണാന്‍ വന്ന ഒരു സുഹൃത്താണ് ഇത്തരത്തില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ശരാദ മുരളീധരനു പിന്തുണയുമായി നിരവധി പേരാണ് രംഗത്തുവരുന്നത്. കറുപ്പ് മനോഹരമാണെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പില്‍നിന്ന്;
”ഇന്ന് രാവിലെ (ബുധനാഴ്ച) ഞാന്‍ ഇട്ട ഒരു പോസ്റ്റാണിത്, പിന്നീട് പ്രതികരണങ്ങളുടെ ബാഹുല്യം കണ്ട് ഞാന്‍ അസ്വസ്ഥനായി ഡിലീറ്റ് ചെയ്തു. ചര്‍ച്ച ചെയ്യേണ്ട ചില കാര്യങ്ങള്‍ അവിടെയുണ്ടെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതിനാലാണ് ഞാന്‍ ഇത് വീണ്ടും പോസ്റ്റ് ചെയ്യുന്നത്.
എന്തിനാണ് ഞാന്‍ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നത്. അതേ, എന്റെ മനസിന് മുറിവേറ്റു. കഴിഞ്ഞ ഏഴ് മാസം മുഴുവന്‍ എന്റെ മുന്‍ഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയിലായിരുന്നു.
തീവ്രമായ നിരാശയോടെ നാണക്കേട് തോന്നേണ്ട ഒരു കാര്യമാണെന്ന രീതിയില്‍ കറുത്ത നിറമുള്ള ഒരാള്‍ എന്നു മുദ്ര ചാര്‍ത്തപ്പെടുന്നതിനെപ്പറ്റിയാണിത് (വനിതായായിരിക്കുക എന്ന നിശബ്ദമായ ഉപവ്യാഖ്യാനത്തിനൊപ്പം). കറുപ്പെന്നാല്‍ കറുപ്പ് എന്ന മട്ടില്‍. നിറമെന്ന നിലയില്‍ മാത്രമല്ലിത്.
കറുപ്പ് വെറുമൊരു നിറം മാത്രമല്ല, നല്ലതല്ലാത്ത കാര്യങ്ങളെ, അസ്വസ്ഥതയെ, തണുത്ത സ്വേച്ഛാധിപത്യത്തെ, ഇരുട്ടിന്റെ ഹൃദയത്തെ… പക്ഷേ കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണ്. കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ്. എന്തിനെയും ആഗിരണം ചെയ്യാന്‍ കഴിവുള്ള, മനുഷ്യകുലത്തിന് അറിയാവുന്ന ഏറ്റവും കരുത്തുറ്റ ഊര്‍ജത്തിന്റെ തുടിപ്പ്. എല്ലാവര്‍ക്കും ചേരുന്ന നിറപ്പൊരുത്തം. ഓഫീസിലേക്കുള്ള ഡ്രസ് കോഡ്, സായാഹ്നവേളയിലെ ഉടയാടയഴക്, കണ്‍മഷിയുടെ കാതല്‍, മഴയുടെ വാഗ്ദാനം, എന്നിങ്ങനെ
നാലുവയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, വീണ്ടും ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് എന്നെ വെളുത്ത നിറമുള്ള കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. നല്ല നിറമില്ലെന്ന വിശേഷണത്താലാണ് കഴിഞ്ഞ അമ്പത് വര്‍ഷമായി ജീവിക്കുന്നത്.
കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതില്‍, വെളുത്ത തൊലിയില്‍ ആകൃഷ്ടയായതില്‍ ഉള്‍പ്പെടെ ഇത്തരം വിശേഷണത്തില്‍ ജീവിച്ചതില്‍ എനിക്ക് പ്രായശ്ചിത്വം ചെയ്യേണ്ടതുണ്ട്.
കറുപ്പില്‍ ഞാന്‍ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. കറുപ്പിന്റെ പാരമ്പര്യത്തോട് അവര്‍ക്ക് ആരാധനയായിരുന്നു. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാല്‍ അതിസുന്ദരമാണെന്ന് അവര്‍ കരുതി. കറുപ്പിന്റെ അഴക് എനിക്കവള്‍ കാട്ടിത്തന്നു. ആ കറുപ്പ് മനോഹരമാണ്, കറുപ്പ് അതിമനോഹരമാണ് ”