തൃപ്പൂണിത്തുറയിൽ അലക്ഷ്യമായി വാഹനമോടിച്ചതിന് അറസ്റ്റിലായ ആൾ മരിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. ഹിൽ പാലസ് സ്റ്റേഷനിലെ ജൂനിയർ എസ് ഐ ജിമ്മിയെയാണ് കൊച്ചി പോലീസ് കമീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തിന്റെ തുടരന്വേഷണം നടത്താൻ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെയും നിയോഗിച്ചു.
അലക്ഷ്യമായി വാഹനമോടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം സ്വദേശി 53 വയസുകാരനായ മനോഹരനാണ് സ്റ്റേഷനിൽ കുഴഞ്ഞു വീണുമരിച്ചത്. കുഴഞ്ഞു വീണ ഉടനെ മനോഹരനെ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിട്ടും അലക്ഷ്യമായി വാഹനമോടിച്ചതിന് പിഴ ചുമത്താനാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത് .
സംഭവത്തിൽ പോലീസ് പറയുന്നത്, അലക്ഷ്യമായ രീതിയിൽ ഇരുചക്ര വാഹനമോടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയതിനാലാണ് കസ്റ്റഡിയിൽ എടുത്തത് എന്നാണ് .
എന്നാൽ നാട്ടുകാർ പോലീസുകാർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തുന്നത്. വാഹനം പിന്തുടർന്ന് പിടിച്ച ശേഷം പൊലീസ് മനോഹരനെ മർദിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. അതിനുശേഷമാണ് സ്റ്റേഷനിൽ എത്തിക്കുന്നത്. ഇവിടെ വെച്ച് മനോഹരൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.