കൊച്ചി: എമ്പുരാന്‍ റിലീസ് ദിവസം സൂചനാ പണിമുടക്ക് നടത്താന്‍ നിര്‍മാതാക്കളുടെ നീക്കം. മാര്‍ച്ച് 27നാണ് സൂചന പണിമുടക്ക് നടത്താന്‍ നീക്കം നടക്കുന്നത്. ജൂണ്‍ ഒന്നുമുതലുള്ള സിനിമ സമരത്തിന് മുന്നോടിയായാണ് സൂചന പണിമുടക്ക്. ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ആന്റണി പെരുമ്പാവൂരിനെ സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങുകയാണ് നിര്‍മാതാക്കളുടെ സംഘടന.
മാര്‍ച്ച് 27ന് എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് ചേംബറിന്റെ നടപടി. മാര്‍ച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് കരാര്‍ ഒപ്പിടുന്നതിന് അനുവാദം വാങ്ങണമെന്ന് നിര്‍ദേശിച്ച് ഫിയോക്ക് ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകള്‍ക്ക് ഫിലിം ചേംബര്‍ കത്തയച്ചു. ഫിലിം ചേംബറിന്റെ സൂചനാ പണിമുടക്ക് തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതില്‍ ആന്റണി പെരുമ്പാവൂരിനോട് നിര്‍മാതാക്കളുടെ സംഘടന വിശദീകരണം ചോദിച്ചിരുന്നു. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.