കോഴിക്കോട് നിന്നുള്ള എക്സ്റ്റന്റഡ് റെയില്‍വേ സ്റ്റേഷനാക്കി ഫറോക്കിനെ മാറ്റണമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത റെയില്‍വേ പദ്ധതികളില്‍ ഉള്‍പ്പെട്ട ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന്റെ പ്രാദേശികമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കൂടുതല്‍ ദീര്‍ഘദൂര തീവണ്ടികള്‍ക്ക് ഫറോക്കില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും റെയില്‍വേയുടെ നിരാക്ഷേപപത്രം ലഭിക്കാത്തതിനാല്‍ ചില റോഡ് വികസനങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും ഇത് പരിഹാരിക്കാന്‍ റെയിവേ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിലൂടെ സമീപപ്രദേശങ്ങളിലെ ടൂറിസം വികസനം മെച്ചപ്പെടും. എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം മേഖലയുടെ പ്രധാന കേന്ദ്രമായി ഫറോക്ക് വികസിക്കും. ഫറോക്കിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായും മന്ത്രി പറഞ്ഞു. എം കെ രാഘവന്‍ എം പി, റെയില്‍വേ ഡിവിഷന്‍ മാനേജര്‍ കെ അനില്‍ കുമാര്‍, മറ്റു റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.