ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 6 :30 ന് കേപ്പ്ടൗണിലെ ന്യൂ ലാൻഡ്‌സ് മൈതാനത്ത് വെച്ച് നടക്കുന്ന വനിതാ ടി-20 ലോകകപ്പ് ഫൈനലിൽ നിലവിലെ ചമ്പ്യാന്മാരായ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും. കഴിഞ്ഞ ആറ് ലോകകപ്പുകളിലും ഫൈനലിൽ എത്തിയ ഓസ്‌ട്രേലിയ ഒരെണ്ണത്തിൽ മാത്രമേ തോൽവി അറിഞ്ഞിട്ടുള്ളൂ. അതേ സമയം പുരുഷ – വനിതാ ലോകകപ്പിൽ ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ എത്തുന്നത്. അത് കൊണ്ട് തന്നെ സ്വന്തം രാജ്യത്ത് ലോക കപ്പ് ഉയർത്തുക എന്ന സുവർണാവസരം ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നുണ്ട്.
ആറാമത്തെ ലോകകപ്പ് നേടുക എന്ന ലക്ഷ്യത്തോടെ കുതിക്കുന്ന ഓസ്‌ട്രേലിയയുടെ നിര അതി ശക്തമാണ്. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ആറ് തവണ പരസ്പരം ഏറ്റു മുട്ടിയിട്ടുണ്ടെകിലുംആറ് തവണയും വിജയം ഓസ്‌ട്രേലിയയുടെ കൂടെ ആയിരുന്നു.
ഗ്രൂപ്പ് സ്റ്റേജിൽ ദക്ഷിണാഫ്രിക്കയെ ഓസ്ട്രേലിയ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത് . മെഗ് ലാനിങ്ങിന്റെയും അലീസ ഹീലിയുടെയും ചിറകിലാണ് ഓസ്‌ട്രേലിയയുടെ കുതിപ്പ്. ഐസിസി വനിതാ ടി20 ലോകകപ്പിൽ 1000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമാകാൻ തയ്യാറെടുക്കുന്ന മെഗ് ലാനിങ്ങിന് ഇനി 18 റണ്ണുകൾ മാത്രം മതിയാകും. ഇതേ നേട്ടത്തിന് 77 റണ്ണുകൾ മാത്രം അകലെയാണ് അലീസ ഹീലി.