ഗൗതം അദാനിയെ അതി സമ്പന്നനാക്കിയത് കേന്ദ്ര സർക്കാരിന്റെ നയങ്ങളാണെന്നും, അദാനിയും മോദിയും ഒന്നാണെന്നും കോൺഗ്രസ് പ്ലീനറി വേദിയിൽ രാഹുൽ ഗാന്ധി.
പ്രധാന മന്ത്രിയും, മന്ത്രിമാരും, സർക്കാറും അദാനിയുടെ രക്ഷക്കരാകുന്നുവെന്നും അദാനിയെ സംരക്ഷിക്കുന്നത് എന്തിനാണെന്ന തന്റെ ചോദ്യത്തിന് പ്രധാന മന്ത്രിക്ക് ഉത്തരമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതിരോധ മേഖലയിൽ പോലും അദാനിയുടെ ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നു. ഷെൽ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
ലളിതമായ ചോദ്യങ്ങളാണ് താൻ മോദിയോട് ഉന്നയിച്ചതെന്നും എന്നാൽ ഒന്നിനും മറുപടി കിട്ടിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ ഇത് കൊണ്ടൊന്നും പിറകോട്ട് പോകില്ലെന്നും സത്യം പുറത്ത് വരുന്നത് വരെ പോരാട്ടം തുടരുമെന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോൺഗ്രസ് അദാനിയെ നേരിടുമെന്നും അത് ഒരു തപസ്യയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയിൽ നേരിട്ട പ്രതി സന്ധികളെ കുറിച്ചും സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതികൂല കാലാവസ്ഥകൾ അവഗണിച്ച് ലക്ഷകണക്കിന് ജനം ഇന്ത്യയിൽ ഉടനീളം യാത്രയിൽ പങ്കെടുത്തെന്നും, കോളേജ് കാലത്ത് ഫുട്ബോൾ കളിച്ചപ്പോഴുണ്ടായ പരിക്ക് കാരണം കേരളത്തിലെത്തിയപ്പോൾ അസഹനീയമായ മുട്ട് വേദന അനുഭവപ്പെട്ടെന്നും മുൻപോട്ട് പോകാൻ ആകുമെന്ന് കരുതിയിലെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളെ കേൾക്കണമായിരുന്നു അത് കൊണ്ട് അത്തരം പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് പോകുകയായിരുന്നെന്നും അദ്ദേഹം കൂട്ടി ചേർത്തു .
കൃഷി, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, രാസവള ലഭ്യത ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ഉണ്ടെന്ന് കർഷകരോട് സംസാരിച്ചപ്പോൾ മനസിലായി. വിശപ്പും, ദാഹവുമൊക്കെ മറന്ന് ആയിരങ്ങൾ ഒപ്പം നടന്നു. കശ്മീരിലെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ ഇപ്പോൾ പ്രധാനമന്ത്രിക്ക് കഴിയുമോ? കശ്മീരിലെ യുവാക്കളുടെ ഹൃദയം കവർന്നത് കൊണ്ടാണ് തനിക്ക് അതിന് സാധിച്ചത്. കശ്മീരിലെ യുവാക്കൾ തീവ്രവാദികളല്ല.
ചൈനയുടെ സമ്പദ് വ്യവസ്ഥ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയേക്കാൾ വലുതാണെന്നാണ് വിദേശകാര്യ മന്ത്രി പറയുന്നത്. സവർക്കർ സ്വീകരിച്ച നിലപാടിന് തുല്യമാണിത്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയേക്കാൾ വലുതാണെന്നാണ് സവർക്കർ പണ്ട് പറഞ്ഞതെന്നും രാഹുൽ പ്രസംഗത്തിനിടെ വിമർശിച്ചു.