കലാപങ്ങളിലൂടെ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ മതനിരപേക്ഷ റാലി സംഘടിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഗുജറാത്ത് വംശഹത്യയ്ക്ക് സമാനമായ രീതിയിലാണ് രാജ്യത്തിന്റെ തലസ്ഥാനത്തും ആക്രമണം അരങ്ങേറുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ദില്ലി പോലീസ് കാഴ്ച്ചക്കാരാവുകയോ, അക്രമികള്‍ക്കൊപ്പം ചേരുകയോ ഉണ്ടായെന്ന പരാതി വ്യാപകമാണ്. മുഖം നോക്കാതെ അക്രമം അടിച്ചമര്‍ത്തുകയെന്നതാണ് പോലീസില്‍ നിന്നും മറ്റ് ഭരണ സംവിധാനങ്ങളില്‍ നിന്നും രാജ്യവും ജനങ്ങളും പ്രതിക്ഷിക്കുന്നത്.
ഇത്തരം സാഹചര്യം ആഗ്രഹിക്കുന്ന ഭീകരവാദ പ്രസ്ഥാനങ്ങളും മതമൗലികവാദികളും നാട്ടിലുണ്ടെന്ന കാര്യവും ഗൗരവമാണ്. വര്‍ഗ്ഗീയാഗ്‌നി ആളികത്തിക്കാതിരിക്കാനും സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനുമാണ് രാജ്യത്തെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളും ശ്രമിയ്ക്കേണ്ടത്. കലാപത്തിന് ആഹ്വാനം നല്‍കിയ ബി.ജെ.പി നേതാവ് ഉള്‍പ്പെടെയുള്ളവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും കഴിയണം. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ രാജ്യമെന്ന ആത്മവിശ്വാസം ജനങ്ങളില്‍ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാരും പോലീസും നീതിന്യായ സംവിധാനങ്ങളും ശ്രമിയ്ക്കേണ്ടത്. ഭീതിയുടേയും വെറുപ്പിന്റേയും അന്തരീക്ഷം പടരാതിരിക്കാന്‍ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അപ്പുറത്ത് മുഴുവന്‍ മതനിരപേക്ഷ ജനാധിപത്യ ശക്തികളും നിലപാട് സ്വീകരിക്കണം എന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
അതേസമയം ഡല്‍ഹില്‍ വര്‍ഗീയ കലാപം തുടരുന്ന സാഹചര്യത്തില്‍ സൈന്യത്തെ വിളിക്കണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം കേന്ദ്രം തള്ളി. ഡല്‍ഹിയിലെ സ്ഥിതി ആശങ്കാജനകമെന്നും പൊലീസിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു കെജ്‌രിവാള്‍ നേരത്തെ അറിയിച്ചത്. തുടര്‍ന്ന് സൈന്യത്തെ വിളിക്കണമെന്നും കേന്ദ്രത്തോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.