അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസിൽ പ്രോസിക്യൂട്ടർ ഹാജരാകാത്തത് സർക്കാർ ഗൗരവമായി കാണുന്നെന്ന് നിയമമന്ത്രി പി രാജീവ്. കേസിന്റെ തുടർ നടപടികൾക്ക് തടസ്സപ്പെടാത്ത രീതിയിൽ മുന്നോട്ടു കൊണ്ടുപോകും.
പ്രോസിക്യൂട്ടറെ മാറ്റണമോ എന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ല.പ്രോസിക്യൂട്ടറിനെതിരെ കുടുംബത്തിന് പരാതിയുണ്ടെങ്കിൽ അത് അന്വേഷിക്കുമെന്നും പി രാജീവ് പറഞ്ഞു.
അതേസമയം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം വ്യക്തമാക്കി . കേസിൽ വിചാരണ വൈകുന്നതിൽ നിരാശയെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. പോസിക്യൂട്ടർ ഹാജരാകാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. പോസിക്യൂട്ടറേ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അദ്ദേഹത്തെ കിട്ടിയില്ല.
മണ്ണാർക്കാട് എസ് സി/ എസ് ടി പ്രത്യേക കോടതി ഇന്നലെ കേസ് പരിഗണിക്കുമ്പോൾ മധുവിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ചോദിക്കുകയും ചെയ്തു.