മുംബൈ: മഹാരാഷ്ട്രയിൽ തുനിഷ ശർമ്മ ആത്മഹത്യ ചെയ്ത സംഭവം ലൗ ജിഹാദാണെന്ന് സംശയം ആരോപണമായി ഉയർത്തി ബിജെപി എംഎൽഎ രാം കദം രംഗത്ത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായിൽ ഒരു ടിവി ഷോയുടെ സെറ്റിൽ വച്ചാണ് ശനിയാഴ്ച തുനിഷ ശർമ്മ ആത്മഹത്യ ചെയ്തത്.
‘അലി ബാബ: ദസ്താൻ-ഇ-കാബൂൾ’ എന്ന ടിവി ഷോയിലെ സഹനടിയായ ഷീസൻ മുഹമ്മദ് ഖാനെ തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഒരു ബന്ധത്തിലായിരുന്നുവെന്നും 15 ദിവസം മുമ്പ് വേർപിരിഞ്ഞുവെന്നും ഇതാണ് തുനിഷയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്.
കേസ് സമഗ്രമായി അന്വേഷിക്കും, എല്ലാ വശങ്ങളും പരിശോധിക്കും, കുറ്റവാളികളെ വെറുതെ വിടില്ലെന്നും തുനിഷ ശർമ്മയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്നും ബിജെപി എംഎൽഎ രാം കദം പറഞ്ഞു.
“ആത്മഹത്യക്ക് കാരണം എന്തായിരുന്നു? ഇതിൽ ലൗ ജിഹാദ് ഉണ്ടോ? അതോ മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ? അന്വേഷണത്തിൽ സത്യം പുറത്തുവരും. പക്ഷേ തുനിഷ ശർമ്മയുടെ കുടുംബത്തിന് 100 ശതമാനം നീതി ലഭിക്കും. ഇത് ലൗ ജിഹാദാണെങ്കിൽ. അതിന് പിന്നിൽ ഏതൊക്കെ സംഘടനകളാണെന്നും ഗൂഢാലോചന നടത്തിയവർ ആരാണെന്നും പോലീസ് അന്വേഷിക്കുമെന്നും രാം കദം കൂട്ടിച്ചേർത്തു.
അറസ്റ്റിലായ നടൻ ഷീസൻ മുഹമ്മദ് ഖാനെ മുംബൈയിലെ വസായ് കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ വെച്ച് ഷീസനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഷീസൻറെ അഭിഭാഷകൻ വാദിച്ചു. മറ്റൊരു സഹനടിയായ പാർത്ത് സുത്‌ഷിയെ സംഭവത്തിൽ ചോദ്യം ചെയ്യാൻ പോലീസ് വിളിച്ചുവരുത്തി.
“എന്നെ പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചു, പൊതുവായ ചോദ്യങ്ങൾ ചോദിച്ചു. എനിക്ക് അവളെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ല. അവളുടെ ബന്ധങ്ങൾ സംബന്ധിച്ച് എനിക്ക് ഒരു ധാരണയുമില്ല, അവർ തമ്മിൽ ബന്ധമുണ്ടായിരുന്നെങ്കിൽ അത് അവരുടെ സ്വകാര്യ കാര്യമാണ്” – ചോദ്യം ചെയ്യലിന് ശേഷം പാർത്ത് സുത്‌ഷി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഷൂട്ടിങ്ങിനിടെ ഇടവേളയിലാണ് 20 കാരനായ നടിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചായ ബ്രേക്കിന് ശേഷം ഏറെ നേരം കഴിഞ്ഞിട്ടും നടി പുറത്തിറങ്ങാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് തുറക്കേണ്ടി വന്നതായി ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞു.

