ലക്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവ് ബസ് കണ്ടക്ടറെ വെട്ടി പരിക്കേല്‍പ്പിച്ചു. എന്നാല്‍ മുഹമ്മദ് നബിയെ അപമാനിച്ചതിനാണ് കണ്ടക്ടറെ വെട്ടിയതെന്നാണ് പ്രതി പറയുന്നത്. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 20 കാരനെ പൊലീസ് പിടികൂടി.
സംഭവത്തില്‍ പോലീസ് പറയുന്നത്, പ്രതിയായ ലരേബ് ഹാഷ്മി (20) ടിക്കറ്റ് നിരക്കിനെച്ചൊല്ലി ബസ് കണ്ടക്ടര്‍ ഹരികേഷ് വിശ്വകര്‍മയുമായി(24) വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഹാഷ്മി വിശ്വകര്‍മയെ ആക്രമിച്ചു. വിശ്വകര്‍മയുടെ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു.
ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ട ഹാഷ്മി കോളജ് ക്യാമ്പസില്‍ കയറി ഒളിച്ചു. പിന്നീട് കോളജിനുള്ളില്‍ വെച്ച് കുറ്റസമ്മത വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. ബസ് കണ്ടക്ടര്‍ ദൈവനിന്ദയും മുഹമ്മദ് നബിയെ അപമാനിച്ചുവെന്നും പ്രതി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും പേരുകള്‍ പ്രതി വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ പ്രയാഗ്രാജ് പൊലീസ് ഹാഷ്മിയെ കോളേജിനുള്ളില്‍ നിന്ന് പിടികൂടി.