തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായി കോണ്‍ഗ്രസ് എടുത്ത നടപടി മാതൃകാപരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടാവുമ്പോള്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്ര കാര്‍ക്കശ്യത്തോടെ നടപടിയെടുക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടി പരിശോധിച്ചശേഷമാണ് നടപടിയെടുത്തത്. മറ്റുള്ളവര്‍ നടപടി എടുത്തില്ലെന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് ഉഴപ്പാമായിരുന്നു.ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആള്‍ക്കെതിരെയാണ് നടപടി എടുത്തത്. റേപ്പ് കേസിലെ പ്രതിയെ സിപിഎം സംരക്ഷിക്കുകയാണ്. രക്ഷപ്പെടുത്താന്‍ ഒരു ശ്രമവും നടത്താതെ പരാതിയും ഇല്ലാതെ സ്ത്രീയുടെ അഭിമാനം കാത്തു രക്ഷിക്കാനാണ് കോണ്‍ഗ്രസ് നടപടി എടുത്തത്’. സതീശന്‍ പറഞ്ഞു.
വനിതാ നേതാക്കള്‍ക്കെതിരായി ആര് സൈബര്‍ അറ്റാക്ക് നടത്തിയാലും ശരിയല്ല.വനിതാ നേതാക്കള്‍ അവരുടെ അഭിപ്രായം പറഞ്ഞു. സിപിഎമ്മാണ് ആദ്യം സൈബര്‍ അറ്റാക്ക് ചെയ്തു തുടങ്ങിയത്. സ്ത്രീകളെ സൈബര്‍ അറ്റാക്ക് ചെയ്യുന്നത് മനോരോഗമാണെന്നും സതീശന്‍ പറഞ്ഞു.

