തൃശൂര്‍ മുറ്റിച്ചൂര്‍ പാലത്തില്‍നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്മാപ്പിള്ളി തച്ചപ്പിള്ളി പ്രഭാകരന്റെ മകന്‍ പ്രഭുലാലിന്റെ (29) മൃതദേഹമാണ് ഇന്നു രാവിലെ മണലൂര്‍ പാലാഴിയില്‍ പുഴയരികില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 12.30- ഓടെയാണ് ഇയാള്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്.
ശബ്ദംകേട്ട് പുഴയില്‍ മത്സ്യം പിടിച്ചിരുന്ന തൊഴിലാളികള്‍ സമീപത്തേക്ക് എത്തുമ്പോഴേക്കും യുവാവ് പുഴയിലേക്ക് താഴ്ന്നു പോയിരുന്നു. സംഭവമറിഞ്ഞ് രാത്രി തന്നെ വലപ്പാട് നിന്നും അഗ്‌നി സുരക്ഷ സേനാംഗങ്ങള്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ മുതല്‍ സന്ധ്യ വരെയും പുഴയില്‍ തിരച്ചില്‍ നടത്തിയിട്ടും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ മണലൂര്‍ പാലാഴിയില്‍ പുഴയുടെ കരയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ച പ്രഭുലാല്‍ ബാര്‍ബര്‍ തൊഴിലാളിയാണ്.