തിരുവനന്തപുരം: ലൈംഗികപീഡനാരോപണത്തെതുടര്‍ന്ന് ജനറല്‍ സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് അമ്മ. ചൊവ്വാഴ്ചയാണ് അടിയന്തരയോഗം വിളിച്ചത്.
സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള നിലയ്ക്ക് പകരം ചുമതല നിര്‍വഹിക്കുമെന്ന് ബാബുരാജ് അറിയിച്ചു. ബാക്കി കാര്യങ്ങള്‍ എക്‌സിക്യൂട്ടീവ് ചേര്‍ന്നതിനുശേഷം തീരുമാനിക്കും. വിവാദങ്ങളില്‍ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ജഗദീഷ്.
യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിട്ടതിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറിപദവിയില്‍ നിന്ന് രാജിവെച്ചത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനാണ് രാജിക്കത്തയച്ചത്.
‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ ‘അമ്മ’ യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാന്‍ സ്വമേധയാ രാജിവെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’ എന്നായിരുന്നു അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് നല്‍കിയ രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്.