കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സാവകാശം തേടി സംസ്ഥാന സര്‍ക്കാര്‍.
സംസ്ഥാന സര്‍ക്കാരിനോട് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സി ബി ഐ അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതില്‍ തടസമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജിയില്‍ വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് സാവകാശം തേടി. സിബി ഐയ് ക്കും ഇ ഡി യ്ക്കും നോട്ടീസ് നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. കേസ് ഒരാഴ്ച കഴിഞ്ഞ് കോടതി പരിഗണിക്കും.
അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം. പ്രാദേശിക തലത്തില്‍ കൂട്ടരാജി നടന്നിരുന്നു. രാജിവച്ചത് മാടായിക്കോണം സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, കെ.ഐ. പ്രഭാകരന്‍ എന്നിവര്‍. ഒറ്റയാള്‍ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ രാജിവച്ചത്.
ഇതിനിടെ കരുവന്നൂര്‍ തട്ടിപ്പ് പ്രതികള്‍ തിരുവില്വാമല ഗസ്റ്റ് ഹൗസില്‍ താമസിച്ചെന്ന് സംശയത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ഗസ്റ്റ് ഹൗസില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ റബ്‌കോയുമായി ബന്ധപ്പെട്ട രേഖകളും ബ്രോഷറുകളും കണ്ടെടുത്തു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഉല്ലാസ്, ജോര്‍ജ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.