പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേയും പോസ്റ്റര്‍ പ്രതിഷേധം. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് പ്രതിഷേധമറിയിച്ചു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും സതീശന്‍ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് വിഡി സതീശനെതിരേയും പോസ്റ്റര്‍ പ്രതിഷേധം.
കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ജീവിതം ഹോമിച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന വിഡി സതീശന്റെ പൊയിമുഖം തിരിച്ചറിയുക, ഗ്രൂപ്പ് ഇല്ലായെന്ന കോണ്‍ഗ്രസുകാരെ തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്ന വിഡി സതീശന്‍, ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല, തന്റെ ഗ്രൂപ്പുകാരന്‍ തന്നെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ടാക്കാന്‍ താല്‍പര്യപ്പെടുന്ന വിഡി സതീശന്‍ എന്നിങ്ങനെയാണ് വിഡി സതീശനെതിരായ പോസ്റ്റര്‍.
നേരത്തെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കെതിരേയും പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണോയെന്നായിരുന്നു കോട്ടയത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍.