ഇടുക്കി ചിന്നക്കലാൽ പഞ്ചായത്ത് ഓഫീസ് അടിച്ചുതകർത്ത് ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 4 പേർ അറസ്റ്റിലായി.സ്വകാര്യ കരാറുകാരനായ ഗോപി എന്നറിയപ്പെടുന്ന രാജന്‍, ആന്റണി, മുത്തുകുമാര്‍, വിജയ് എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ രാത്രിയാണ് വടിവാളും ആയുധങ്ങളുമായി ഏഴംഗ സംഘം എത്തി ആക്രമണം നടത്തിയത്.
അംഗപരിമിതനായ പഞ്ചായത്ത് സെക്രട്ടറി ടി. രഞ്ജന്‍, അക്കൗണ്ടന്റ് ശ്രീകുമാര്‍, ജീവനക്കാരായ രാമന്‍, മനു, സുമേഷ് എന്നിവരെയും അക്രമി സംഘം മര്‍ദ്ദിച്ചു. ഇവരെ പരിക്കുകളോടെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീവനക്കാരുടെ കയ്യും കാലുമാണ് അക്രമികള്‍ തല്ലിയൊടിച്ചത്.
ചിന്നക്കനാല്‍ വില്ലേജ് ഓഫീസിന് സമീപം ജോയി ജോര്‍ജ് എന്നയാള്‍ നടത്തിവന്ന അനധികൃത കെട്ടിട നിര്‍മാണത്തിന് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഞായറാഴ്ച കളക്ടര്‍ നിര്‍മാണ നടക്കുന്ന സ്ഥലം സന്ദർശിച്ച് പൊളിക്കാന്‍ ഉത്തരവിടുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ റവന്യൂ സംഘം കെട്ടിടം പൊളിച്ചുമാറ്റി. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. കെട്ടിടത്തിന്റെ കരാറുകാരനായ ഗോപിയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും പരിക്കേറ്റ ജീവനക്കാര്‍ പറഞ്ഞു.