മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങള്‍ വെള്ളത്തില്‍. റോഡുകള്‍ വെള്ളക്കെട്ടിലായതോടെ ഗതാഗതം താറുമാറായി. വെള്ളക്കെട്ടും മോശം കാലാവസ്ഥയും മൂലം മുംബൈയില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ഒട്ടേറെ വിമാനങ്ങള്‍ വൈകുകയാണ്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈയിലെ സിയോണ്‍, ചെംബൂര്‍, അന്ധേരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. നിരവധി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് അന്ധേരി സബ് വേയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കാലാവസ്ഥ വകുപ്പ് നാളെ വരെ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പൂനെ, പിംപ്രി ചിന്ദ്വാഡ് മേഖലകളില്‍ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പൂനെയില്‍ വെള്ളത്തില്‍ വൈദ്യുതക്കമ്പി പൊട്ടിവീണതിനെത്തുടര്‍ന്ന് ഷോക്കേറ്റ് മൂന്നുപേര്‍ മരിച്ചു. പ്രളയക്കെടുതി രൂക്ഷമായ റെയ്ഗഡ്, പാല്‍ഗര്‍ മേഖലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.