കണ്ണൂര്‍: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരും. പെൺകുട്ടിയുടെ മൊഴി പോലീസ് വീണ്ടും എടുക്കും. ബിജെപി നേതാവായ അധ്യാപകന്‍ പ്രധാന പ്രതിയായ കേസിൽ വീഴ്ച വന്നു ആരോപിച്ച് പല സംഘടനകളും രംഗത്ത് എത്തിയിരുന്നു.
കാസര്‍കോട് എസ്പി ഡി.ശില്‍പ, കണ്ണൂര്‍ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി രേഷ്മ രമേശ് ഐപിഎസ് എന്നിവർക്കാണ് പുതുതായി ചുമതല ഏല്‍പിക്കുന്നത്. പ്രതിയും ബിജെപി നേതാവുമായ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം സോഷ്യൽ മീഡിയയിലും മറ്റും ശക്തമായിരുന്നു.
കൂടാതെ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്ത് വന്നതോടെയാണ് തീരുമാനം.
ക്രൈം ബ്രാഞ്ച് അന്വേഷണം പ്രതിക്കെതിരെ പോക്സോ ചുമത്താതെ ജാമ്യം ലഭിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ആളി കത്തിയത്.