സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. 6.6 ശതമാനമാണ് നിരക്ക് വര്‍ധന. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് വര്‍ധനയില്ല. 150 യൂണിറ്റ് വരെ 25 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അനാഥാലയം, അങ്കണ്‍വാടി, വൃദ്ധസദനം എന്നിവിടങ്ങളില്‍ നിരക്ക് വര്‍ധിക്കില്ല. പെട്ടിക്കടകള്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ഇളവ് തുടരും. മാരക രോഗികളുള്ള വീട്ടുകാര്‍ക്കും നിരക്ക് വര്‍ധന ഉണ്ടാകില്ല.
2022- 23 വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അധ്യക്ഷന്‍ പ്രേമന്‍ ദിനരാജാണ് പ്രഖ്യാപിച്ചത്. യൂണിറ്റിന് ഒരു രൂപ 50 പൈസയാണ് നിരക്ക്. പ്രതിമാസം 40 യൂണിറ്റ് വരെ നിരക്ക് വര്‍ധന ഉണ്ടാകില്ല. 50 യൂണിറ്റ് വരെ നിലവിലുള്ള താരിഫും തുടരും. യൂണിറ്റിന് 3 രൂപ 15 പൈസയാണ് താരിഫ്.
100 യൂണിറ്റ് വരെ പ്രതിമാസം 22 രൂപ 50 പൈസ കൂടും. 101 മുതല്‍ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 25 രൂപ കൂടും. ഇതോടെ 150 യൂണിറ്റ് വരെയുള്ളവര്‍ മാസം 47.50 രൂപ അധികം നല്‍കണം.
ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 150 യൂണിറ്റ് വരെ 25 പൈസ വര്‍ധിപ്പിക്കും. 51-100 യൂണിറ്റിന് പ്രതിമാസം 55 രൂപയാകും (പഴയത് : 40). 101-150 യൂണിറ്റ് ഉപയോഗിച്ചാല്‍ പ്രതിമാസം 70 രൂപ (പഴയത്: 55). 150-200 യൂണിറ്റിന് പ്രതിമാസം 100 രൂപയായി (പഴയത്:70). 201-250 യൂണിറ്റിന് പ്രതിമാസം 110 രൂപയായും വര്‍ധിച്ചു (പഴയത് 80). 300 യൂണിറ്റ് വരെ 40 പൈസയാണ് വര്‍ധന. 500 യൂണിറ്റ് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 60 പൈസയും കൂട്ടി.
കാര്‍ഷിക മേഖലയിലെ 4.76 ലക്ഷം പേര്‍ക്ക് വര്‍ധനവ് ഉണ്ടാകില്ല. വിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനം വിലയിരുത്തിയാകും ഇനിമുതല്‍ നിരക്ക് തീരുമാനിക്കുക. ഏജന്‍സി വരുത്തുന്ന വീഴ്ച മൂലമുള്ള ഭാരം ഉപഭോക്താക്കളിലേക്ക് നല്‍കാന്‍ അനുവദിക്കില്ല.
പൊതുജനാഭിപ്രായം കൂടി പരിഗണിച്ചാണ് നിരക്ക് വര്‍ധനവെന്ന് അധ്യക്ഷന്‍ വ്യക്തമാക്കി. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്താണ് കമ്മീഷന്‍ താരിഫ് പുറത്തിറക്കുന്നതെന്നും സാധാരണക്കാരെയും കര്‍ഷകരേയും വ്യവസായികളേയും പരിഗണിച്ചതായും അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അനുകൂലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന താരിഫ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.