വിക്‌ടേഴ്‌സിൽ ലഹരി വിരുദ്ധ പരിപാടി ഇന്ന്; മൊബൈൽ ഫോൺ സമ്മാനം നേടാൻ അവസരം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ലഹരിയുടെ ദുരുപയോഗം, ദോഷവശങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള പരിപാടി നടത്തുന്നു. വിദ്യാർഥികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുൾപ്പെടെ പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനുള്ള പരിപാടികൾ വിക്‌ടേഴ്‌സ് ചാനൽ വഴി 26ന് രാവിലെ 7.45 മുതൽ 8.30 വരെ സംപ്രേഷണം ചെയ്യും. 27നും 28നും പുനഃസംപ്രേഷണം ഉണ്ട്. പരിപാടിയിൽ ലഹരിയുമായി ബന്ധപ്പെട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യാർത്ഥം മൊബൈൽ ഫോണുകൾ സമ്മാനമായി നൽകും. കൂടാതെ വിദ്യാർഥികളെയും യുവാക്കളെയും ലഹരിക്കെതിരെ അണിചേർത്ത് ‘ജീവിതം തന്നെ ലഹരി’ എന്ന വിഷയത്തിൽ വാട്‌സാപ്പ് ഹ്രസ്വചിത്ര മത്സരം, ട്രോൾ മത്സരം, കഥ/ കവിത മത്സരം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾ Vimukthikerala ഫേസ്ബുക്ക് പേജിൽ.
കിലയിൽ താല്കാലിക നിയമനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് താല്കാലിക നിയമനം നടത്തുന്നു.
പ്രോജക്ട് എൻജിനിയർ-സിവിൽ തസ്തികയിൽ മൂന്നും പ്രോജക്ട് എൻജിനിയർ-ഐ.ടി.തസ്തികയിൽ ഒരൊഴിവുമാണുള്ളത്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂലൈ പത്ത്. വിശദവിവരങ്ങൾക്ക് www.kila.ac.in/careers.
കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി: അപേക്ഷ തീയതി നീട്ടി
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ട്രെയിനിംഗും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുളള ഒരു വർഷ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി 2020-2021 കോഴ്‌സുകളിലേക്ക് ജൂലൈ പത്ത് വരെ അപേക്ഷിക്കാം.
അപേക്ഷകർ എസ്.എസ്.എൽ.സി പാസ്സായിരിക്കണം. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. അപേക്ഷാഫോറവും പ്രോസ്‌പെക്റ്റസും 100 രൂപക്ക് നേരിട്ടും 125 രൂപ മണി ഓർഡർ മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ നൽകിയാൽ തപാലിൽ ലഭിക്കും. വിശദവിവരങ്ങൾക്ക്: www.captkerala.com. ഫോൺ: 0471-2467728, 0471-2474720.
കോളേജ് വിദ്യാർത്ഥികൾക്ക് ടെലികൗൺസിലിംഗ് 25 മുതൽ
സംസ്ഥാനത്ത് കോളേജുകൾ തുറന്ന് പ്രവർത്തിക്കാനാകാത്ത സാഹചര്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് ജീവനി – സൈക്കോളജി കൗൺസിലർമാർ മുഖേന ടെലിഫോണിൽ കൗൺസിലിംഗ് ലഭ്യമാക്കും. എല്ലാ കോളേജ് വിദ്യാർത്ഥികൾക്കും ശനിയാഴ്ച വരെ ദിവസവും രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ സൈക്കോളജി കൗൺസിലർമാരുടെ സേവനം ഉപയോഗപ്പെടുത്താം. കൗൺസിലർമാരുടെ ജില്ല തിരിച്ചുളള വിവരം www.collegiateedu.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ഡെങ്കിപ്പനി പ്രതിരോധവുമായി വാണിമേൽ ഗ്രാമപഞ്ചായത്ത്
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി വാണിമേൽ ഗ്രാമപഞ്ചായത്ത്. ജൂൺ 27, 28 തീയതികളിൽ സമ്പൂർണ്ണ ശൂചീകരണ യജ്ഞം നടത്തും. ഇതിനായി കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധസംഘടന പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, മത, സാമൂഹ്യരാഷ്ട്രീയ സംഘടനാപ്രതിനിധികൾ തുടങ്ങിയവരുടെ യോഗം വാർഡ് തലങ്ങളിൽ വിളിച്ചു ചേർക്കും. 25 വീടുകൾക്ക് രണ്ടുവീതം വളണ്ടിയർമാരെ നിയോഗിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും സ്ഥിരം ശൂചീകരണത്തിനും പദ്ധതികൾ തയ്യാറാക്കി. പ്രസിഡന്റ് ഒ.സി ജയൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.കെ മജീദ്, അഷ്‌റഫ് കൊറ്റാല, എൻ.പി ദേവി, മെഡിക്കൽ ഓഫീസർ ഡോ.ദിപിൻരാജ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടോമി തോമസ്, മെമ്പർമാരായ വി.കെ സാബിറ, കെ.പി രാജീവൻ, മുനീറ കെ, രാജു അലക്സ്, ജമീല കാപ്പാട്ട്, നജ്മ കുനിയിൽ, ഉഷ കരുണാകരൻ തുടങ്ങിവർ സംബന്ധിച്ചു.
കനാലിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി
കനാലിൽ മാലിന്യം തള്ളുന്നവർക്കെതിരെ ജല സംരക്ഷണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു. കുറ്റ്യാടി ജലസേചന കനാലില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കോഴിക്കടകളിൽ നിന്നും ബാബര്‍ഷോപ്പുകളിൽ നിന്നുമുള്ള മാലിന്യം, ജന്തുകളുടെ ശവശരീരങ്ങള്‍ തുടങ്ങി ജലം മലിനമാക്കുന്ന മാരകവിഷവസ്തുക്കള്‍ നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നടപടി. ജലസേചനത്തിനുപരി കുടിവെള്ളത്തിനും ഉപയോഗിക്കുന്ന കനാല്‍ ജലം മലിനപ്പെടുത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കനാലില്‍ മാലിന്യം തള്ളുക,അനുമതിയില്ലാതെ കനാല്‍ ഷല്‍ട്ടറുകള്‍ കൈകാര്യം ചെയ്യുക, കനാലിലൂടെയുള്ള ഒഴുക്ക് തടഞ്ഞ് വെള്ളം വഴിതിരിച്ച് വിടുക, കനാലിനും കനാല്‍ സ്ട്രക്ചറുകള്‍ക്കും നാശനഷ്ടം വരുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ഗൗരവതരമായി പരിഗണിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പുന:പരിശോധനാ ക്യാംപ് മാറ്റി
ഉദ്യോഗസ്ഥര്‍ കോവിഡ് ഡ്യൂട്ടിക്ക് നിയുക്തരായ സാഹചര്യത്തില്‍ ഇന്നും നാളെയും (ജൂണ്‍ 26, 27) നന്മണ്ട ഗ്രാമപഞ്ചായത്തില്‍ നടത്തുവാനിരുന്ന വ്യാപാരികളുടെ പുന:പരിശോധനാ ക്യാംപ് ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ മാറ്റിവെച്ചതായി കോഴിക്കോട് സര്‍ക്കിള്‍ – 2 ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോൺ: 8281698107/0495 2374203.
കോവിഡ്-19 : ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു
കോവിഡ്-19 മൂലം തൊഴില്‍ നഷ്ടപ്പെട്ട കൈത്തൊഴിലാളി – ബാര്‍ബര്‍ / ബ്യൂട്ടീഷ്യന്‍ – അലക്ക് – ഗാര്‍ഹിക – ക്ഷേത്രജീവനം – പാചക ത്തൊഴിലാളി ക്ഷേമനിധികളില്‍ അംഗങ്ങളാകുകയും പുതുക്കിയ അംശാദായം അടച്ച് കേരള സംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംഗത്വം നേടാന്‍ സാധിക്കാതെ വരികയും ചെയ്ത കോഴിക്കോട് വയനാട് ജില്ലകളിലെ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. അര്‍ഹരായ അംഗങ്ങള്‍ http://boardswelfareassistance.lc.kerala.gov.in അല്ലെങ്കില്‍ http://lc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതി തെരഞ്ഞെടുത്ത് അംഗത്വനമ്പര്‍ രേഖപ്പെടുത്തിയാല്‍ ലഭ്യമാകുന്ന അപേക്ഷയില്‍ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തി പദ്ധതി അംഗത്വ കാര്‍ഡ്, അവസാന അംശാദായം ഒടുക്കിയ രസീത്/ക്ഷേമ പദ്ധതി പാസ്സ്ബുക്ക്, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ്സ്ബുക്ക് (ഐഎഫ്എസ് സി കോഡ് ഉള്‍പ്പെടെ), ആധാര്‍കാര്‍ഡ് എന്നിവയുടെ അസ്സൽ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. എതെങ്കിലും ക്ഷേമനിധിയില്‍ നിന്നോ ദാരിദ്രരേഖയ്ക്ക് താഴെ ഉള്‍പ്പെട്ടിട്ടുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് നല്‍കിയതോ ആയ കോവിഡ്-19 ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കുവാന്‍ അര്‍ഹരല്ല.
വിശദവിവരങ്ങള്‍ക്ക് – 0495 2378480
കേരള മീഡിയ അക്കാദമി: 2020-2021 ബാച്ച് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
പ്രിന്റ്, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ് ജേര്‍ണലിസം & കമ്യൂണിക്കേഷന്‍ കോഴ്‌സ്. പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് കോഴ്‌സ് പ്രസ്തുത മേഖലയിലെ നൂതന പ്രവണതകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ്. കോഴ്‌സിന്റെ പാഠ്യപദ്ധതിയില്‍ പ്രിന്റ്,ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, അഡ്വര്‍ടൈസിങ്ങ് എന്നിവയും ഉള്‍പ്പെടുന്നു. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, മീഡിയ കണ്‍വേര്‍ജന്‍സ്, മൊബൈല്‍ ജേര്‍ണലിസം തുടങ്ങിയ അത്യാധുനിക മേഖലകളിലെ കാമറ, എഡിറ്റിങ്ങ്, പ്രൊഡക്ഷന്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സമഗ്രമായ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്‌സാണ് ടെലിവിഷന്‍ ജേര്‍ണലിസം.
കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുവര്‍ക്കും അപേക്ഷിക്കാം. 31.5.2020 ല്‍ 35 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 2 വയസ്സ് ഇളവുണ്ടായിരിക്കും. ഈ വിഭാഗക്കാര്‍ക്ക് ഫീസിളവും ഉണ്ടാകും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പ്രവേശന പരീക്ഷ നടത്തുക. പരീക്ഷാ സെന്ററുകളില്‍ ഏതെങ്കിലും തരത്തില്‍ മാറ്റങ്ങള്‍ വരുന്ന പക്ഷം പരീക്ഷാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കും.
അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണം. ഫീസ് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല.
അപേക്ഷകൾ 2020 ജൂലായ് 24 ന് വൈകിട്ട് 5 മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0484 2422275, 0484 2422068. ഇ-മെയില്‍: keralamediaacademy.gov@gmail.com
കോട്ടണ്‍ മാസ്‌ക്കുകള്‍ തയ്യാറാക്കി നല്‍കി
കോവിഡ് -19 ജാഗ്രത കണക്കിലെടുത്ത് വടകര സബ് ജയില്‍ നിന്നും വടകര താലൂക്ക് സപ്ലൈ ഓഫീസിലേക്ക് കോട്ടണ്‍ മാസ്‌ക്കുകള്‍ തയ്യാറാക്കി നല്‍കി. ജയില്‍ സൂപ്രണ്ട് ജിജേഷ് ഇ.വി താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് മാസ്‌ക്കുകള്‍ കൈമാറി. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ മണി കെ.പി, ബാബു കെ.പി എന്നിവരും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ സുബിന്‍ ലാല്‍ എ.കെ, മോഹന്‍ സി, മനു കെ എന്നിവരും പങ്കെടുത്തു.
ലേലം
ബേപ്പൂര്‍ ഫിഷറീസ് ഗവണ്‍മെന്റ് റീജിയണല്‍ ടെക്‌നിക്കല്‍
ഹൈസ്‌ക്കൂള്‍ കെട്ടിടത്തിന് ഭീഷണിയായി നില്‍ക്കുന്ന ഒരു ഞെട്ടാവല്‍ മരവും ഒരു തെങ്ങും ജൂലൈ മൂന്നിന് രാവിലെ 11
മണിയ്ക്ക് ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ പൊതു ലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ട
റുടെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0495 2414074
മരം ലേലം
പേരാമ്പ്ര സബ് ട്രഷറിയുടെ പഴയ കെട്ടിടത്തിനു സമീപമുള്ള വിവിധയിനം മരങ്ങള്‍ ജൂലൈ എട്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സബ് ട്രഷറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെആര്‍ കോംപ്ലക്‌സില്‍ (ത്രിവേണി സ്റ്റോറിന് സമീപം – പഴയ എസ് ബി റ്റി ബില്‍ഡിംഗ്) ലേലം ചെയ്യും. ലേലത്തിന് പങ്കെടുക്കുന്നതിന് ജൂലൈ ഏഴിന് വൈകീട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കുമെന്ന് പേരാമ്പ്ര സബ് ട്രഷറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0496 2610215, 9496000216.

