പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റ് മരിച്ച കൊച്ചി സ്വദേശി എന്‍. രാമചന്ദ്രന്റെ സംസ്കാരം നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇടപ്പള്ളി പൊതു ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍.
എറണാകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ഏഴരയോടെ പൊതുദര്‍ശനത്തിനായി ചങ്ങമ്പുഴ പാര്‍ക്കില്‍ എത്തിച്ചിരുന്നു. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രന്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ജസ്റ്റിസ് ദേവന് രാമചന്ദ്രന്, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, നടന് ജയസൂര്യ ഉള്‍പ്പെടെ നിരവധി പേര് അന്തിമോപചാരമര്‍പ്പിച്ചു.

