തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും. 40 ദിവസം നീണ്ട പരസ്യ പ്രചാരണത്തിനു ഇന്നലെ കൊട്ടിക്കലാശമായി. ഇന്ന് നിശബ്ദ പ്രചാരണമാണ്. അവസാന മണിക്കൂറിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളും.
രണ്ടാം ഘട്ടമായ നാളെ രാജ്യത്ത് കേരളത്തിലെ 20 മണ്ഡലങ്ങളടക്കം രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുക. കേരളത്തിനു പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.
സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി 2.77 കോടി വോട്ടര്‍മാരാണ് സമ്മതിദാന അവകാശം ഉപയോഗിക്കുക.
നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.