കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷം. ജയിലിൽ ഇന്ന് 83 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ പത്തു പേർ ജയിൽ ജീവനക്കാരാണ്. ജയിലിലെ 71 പേർക്ക് ഇന്നലെ രോഗം കണ്ടെത്തിയിരുന്നു. ഇപ്പോൾ ആകെ 154 പേർക്കാണ് കണ്ണൂർ സെൻട്രൽ ജയിലിൽ കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ബാധിച്ചവരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. കൂടുതൽ തടവുകാർക്ക് ശിക്ഷാ ഇളവും പരോളും നൽകി പുറത്തുവിടാനുള്ള നടപടികളും ആലോചനയിലുണ്ട്. ഇന്ന് വൈകുന്നേരത്തോടു കൂടി ഇതുസംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ജയിലിൽ 20, 21 തീയതികളിൽ നടത്തിയ കോവിഡ് ടെസ്റ്റിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇനി രണ്ടു ദിവസങ്ങളില്‍ നടത്തിയ കോവിഡ് ടെസ്റ്റിന്റെ ഫലം കൂടി വരാനുണ്ട്. ഇതുകൂടി വരുന്നതോടെ വലിയ രീതിയിൽ കോവിഡ് ബാധ ഉയരാനാണ് സാധ്യത.