കോവിഷീൽഡ് വാക്സിന് ലോകത്തെ ഏറ്റവും ഉയർന്ന വിലയിട്ടതിനെയും കേരളത്തിലിരുന്ന് അതിനെ ന്യായീകരിക്കുന്നവരെയും രൂക്ഷമായി വിമർശിച്ച് എം.ബി രാജേഷ്. കേരളത്തിൽ പ്രാണവായു മുടങ്ങില്ല എന്ന ധൈര്യത്തിലാണ് ഇവിടിരുന്നുള്ള തെറി വിളിയെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു.
കോവി ഷീൽഡിന് ഇന്ത്യയിലെ വിലയുടെ പകുതിയാണ് ബംഗ്ലാദേശിലും അമേരിക്കയിലും. അതിലും താഴെയാണ് യു.കെയിലും ബ്രസീലിലും. ഇന്ത്യയിലേതിെൻറ നാലിലൊന്നേയുള്ളൂ യൂറോപ്യൻ യൂനിയനിൽ. ലോകത്തേറ്റവും കൂടിയ വില ഇന്ത്യയിൽ. എന്തൊരു കൊള്ളയാണെന്നും എന്തൊരു കണ്ണിൽ ചോരയില്ലാത്ത ഭരണമാണിതെന്നും അദ്ദേഹം വിമർശിക്കുന്നു
എം.ബി. രാജേഷിൻെറ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:
ഭാരത് ബയോട്ടെക് കോവാക്സിൻ്റെ വില പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുകൾക്ക് 600!
ഒന്നാമത്തെ ചിത്രത്തിൽ കോവ ഷീൽഡിൻ്റെ വിലയാണ്. ഇന്ത്യയിലെ വിലയുടെ ( 600/8 ഡോളർ) പകുതിയാണ് ബംഗ്ലാദേശിലും അമേരിക്കയിലും. അതിലും താഴെയാണ് യു.കെയിലും ബ്രസീലിലും.ഇന്ത്യയിലേതിൻ്റെ നാലിലൊന്നേയുള്ളൂ യൂറോപ്യൻ യൂണിയനിൽ. ലോകത്തേറ്റവും കൂടിയ വില ഇന്ത്യയിൽ.എന്തൊരു കൊള്ള ! എന്തൊരു കണ്ണിൽ ചോരയില്ലാത്ത ഭരണം!
എന്നിട്ട് അതിനെയും ന്യായീകരിക്കുന്നു ഭക്തജന സംഘം. വസ്തുത പറയുന്നവരെ തെറി വിളിക്കുന്നു. അവരോ അവർക്ക് വേണ്ടപ്പെട്ടവരോ ശ്വാസം കിട്ടാതെ കിടക്കുന്ന അവസ്ഥ വന്നാലും ന്യായീകരിക്കുമോ? കേരളത്തിൽ പ്രാണവായു മുടങ്ങില്ല എന്ന ധൈര്യത്തിലാണ് ഇവിടിരുന്നുള്ള തെറി വിളി. കേരളമായതുകൊണ്ടാണ് ഭക്തർക്ക് തെറി വിളിക്കാനുള്ള ശ്വാസം ബാക്കിയുള്ളത് എന്നോർമ്മിക്കുന്നതു നന്നാവും.