കുന്ദമംഗലം: ചെത്ത് കടവ് ഒമ്പതാം വാർഡിലെ പേരടി നാഗത്താം കോട്ടയ്ക്കരികെ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീണ സംഭവത്തിൽ അധികൃതരുടെ ഇടപെടൽ. കുന്ദമംഗലം ന്യൂസ് ഡോട് കോം നൽകിയ വാർത്തയെ തുടർന്നാണ് നടപടി. പ്രദേശത്ത് വസിക്കുന്ന ആയിരകണക്കിന് വവ്വാലുകൾ കഴിഞ്ഞ നാലു ദിവസങ്ങളിലായി തൊട്ടടുത്ത വാഴ തോട്ടങ്ങളിലും തോടുകളിലും വീട്ടു പരിസരങ്ങളിലും ചത്തു വീഴുന്ന വാർത്ത ഇന്ന് കുന്ദമംഗലം ന്യൂസ്.കോം നൽകിയിരുന്നു ഇത് ശ്രദ്ധയിൽപ്പെട്ട കോഴിക്കോട് ജില്ലാ സിറ്റി പോലീസ് കമ്മിഷണർ എ വി ജോർജ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ് നൽകി
തുടർന്ന് സംഭവ സ്ഥലത്തെത്തി വെറ്റിനറി ,ഹെൽത്ത് ഡിപ്പാർട്മെന്റുകൾ പരിശോധന നടത്തി. ഡോക്ടർ നിഷ എബ്രഹാം (എപ്പിഡെമോളജിസ്റ്റ് ), ഗീത (കുന്ദമംഗലം സീനിയർ വെറ്റിനറി സർജൻ ), സുരേഷ് ബാബു (ഹെൽത്ത് ഇൻസ്പെക്ടർ), സജിത്ത് (ജൂനിയർ എച്ച് ഐ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

സംഭവ സ്ഥലത്തിൽ നിന്നും ലഭിച്ച സാമ്പിളുകൾ തുടർ പരിശോധനയ്ക്കായി കണ്ണൂരിലെ ലാബിലിലേക്ക് അയക്കും. തുടർന്ന് ലഭിക്കുന്ന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. അതേസമയം വവ്വാലുകൾ ചാകുന്നത് ശ്രദ്ധയിൽ പെട്ടാൽ സുരക്ഷ ഉറപ്പാക്കി അവയെ കുമ്മായവും, ബ്ലീച്ചിങ് പൗഡറും ഉപയോഗിച്ച് ആഴത്തിൽ കുഴി വെട്ടി സംസ്കരിക്കണമെന്നും. പ്രദേശത്ത് ആർക്കെങ്കിലും ചുമ പനി ലക്ഷണം കാണുകയാണെങ്കിൽ വൈദ്യ സഹായം തേടണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു പ്രദേശവാസികൾക്കായ് നിർദ്ദേശം നൽകി. കോവിഡ് പശ്ചാത്തലത്തിൽ സമാനമായി പ്രാവുകളിൽ ഇത്തരം അവസ്ഥ കണ്ട സാഹചര്യത്തിൽ നേരത്തെ ഇത്തരം ടെസ്റ്റിന് അയച്ചിരുന്നുവെന്നും അതിന്റെ ഫലം നെഗറ്റീവ് ആണെന്നുള്ള കാര്യവും അദ്ദേഹം കൂട്ടി ചേർത്തു.
പേരടി താമസിക്കുന്ന അപ്പുക്കുട്ടൻ നായരുടെ കുടുംബ സമീപമുള്ള നാഗത്താൻ കോട്ടയുടെ പരിസര പ്രദേശങ്ങളിലാണ് ഇത്തരത്തിൽ വവ്വാലുകൾ ചത്തു കിടക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നത്.

