തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്നും മുരളീധരന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുമാണ് പരാതി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ വര്‍ക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് ഫ്ളക്സുകള്‍ സ്ഥാപിച്ചത്. പ്രധാനമന്ത്രിയുടെയും സ്ഥാനാര്‍ഥിയുടെയും ചിത്രത്തോടൊപ്പം ആണ് വിഗ്രഹത്തിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സി. ജയന്‍ ബാബു നല്‍കിയ പരാതിയില്‍ പറയുന്നു.